തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം.. ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 50 ലക്ഷം കടന്നു…


സംസ്ഥാനത്ത് ഡിജിറ്റൈസ് ചെയ്ത എന്യൂമറേഷന്‍ ഫോമുകളുടെ എണ്ണം 51,38, 838 ആയി ഉയർന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. ഇത് മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 18.45% ആണ്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് നല്ല പുരോഗതി ദൃശ്യമാണ്. നഗരത്തിലെ ചില കളക്ഷൻ ഹബ്ബുകൾ താൻ സന്ദർശിച്ചതായും ബി എൽ ഒ മാർ വളരെ ഉത്സാഹഭരിതരായാണ് തങ്ങളുടെ കർത്തവ്യം നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയും ജോലിയിൽ വ്യാപൃതരായ ബി എൽ ഒ മാരെയും അവരുടെ കുടുംബാംഗങ്ങളേയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭിനന്ദിച്ചു.

കളക്ഷന്‍ ഹബ്ബുകളുടെ പ്രവര്‍ത്തനം നാളെയും തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.വോട്ടര്‍മാര്‍ ഓണ്‍ലൈനായി 53,254 ഫോമുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് മൊത്തം വോട്ടര്‍മാരുടെ 0.19% വരും. വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയാത്ത ഫോമുക(Untraceable Forms)ളുടെ എണ്ണം 1,64,631 ആയി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എല്‍ ഒ മാരും മുഴുവന്‍ ഡാറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ഫോമുകള്‍ സ്വീകരിക്കുന്നതിനും അവ അപ്ലോഡ് ചെയ്യുന്നതിനുമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ഇലക്ട്രല്‍ ലിറ്ററസി ക്ലബ്ബുകളുടെയും പിന്തുണയോടെ ‘കളക്ഷന്‍ഹബ്ബുകള്‍’ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം നാളെയും തുടരുമെന്ന് ഡോ. രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു.


Previous Post Next Post