ആൻജിയോഗ്രാമിന് ആശുപത്രിയിൽ എത്തിച്ച ആൾക്ക് 6 ദിവസമായിട്ടും ചികിത്സ നൽകിയില്ല.. മരിച്ചു; തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നത്… ശബ്ദ സന്ദേശം പുറത്ത്..


തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം രോഗി മരിച്ചെന്ന് ആരോപിച്ച് പരാതി നൽകി കുടുംബം. കൊല്ലം പന്മന സ്വദേശി വേണു (48) മരണപ്പെട്ട സംഭവത്തിലാണ് ആശുപത്രിക്കെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വേണുവിന് ആവശ്യമായ ചികിത്സ ആശുപത്രിയിൽ നിന്നും ലഭിച്ചിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് വേണു തന്റെ സുഹൃത്തിന് ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് അയച്ച ശബ്ദസന്ദേശവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു തന്റെ സുഹൃത്തിനോട് വ്യക്തമാക്കി പറയുന്ന ഓഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഇന്നലെയായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ വേണു മരിച്ചത്. തനിക്കെന്തെങ്കിലും പറ്റിയാൽ ശബ്ദ സന്ദേശം പുറത്തുവിടണമെന്നും വേണു സുഹൃത്തിനോട് പറഞ്ഞു.

ഹൃദ്രോഗിയായ വേണു കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ നിന്ന് രോഗാവസ്ഥ മൂർച്ഛിച്ചപ്പോഴായിരുന്നു എമർജൻസിയായി ആഞ്ചിയോപ്ലാസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. എന്നാൽ ആശുപത്രിയിലെത്തിച്ച് 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിൻറെ പരാതി. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും മെഡിക്കൽ കോളേജിൽ രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറാണ് മരിച്ച വേണു.

ആഞ്ചിയോപ്ലാസ്റ്റിക്കുള്ള സമയം കഴിഞ്ഞപ്പോഴായിരുന്നു വേണുവിനെ ആശുപത്രിയിൽ എത്തിച്ചതെന്നാണ്. അതിനാൽ മരുന്ന് ചികിത്സ മാത്രമാണ് നൽകിയതെന്നും ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

Previous Post Next Post