സന്നിധാനത്ത് ദർശനം ലഭിച്ചില്ല.. തീർത്ഥാടകർ മാല ഊരി നാട്ടിലേക്ക് തിരിച്ചു…


സന്നിധാനത്ത് ദർശനം ലഭിക്കാതെ തീർത്ഥാടകർ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തിയതിനു ശേഷം മാല ഊരി നാട്ടിലേക്ക് തിരിച്ചു. വൃശ്ചിക മാസത്തിലെ ആദ്യ ദിവസങ്ങളിൽ തന്നെ ശബരിമലയിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടതിനാൽ ശബരിമലയിൽ ദർശനത്തിനെത്തിയ ഇതര സംസ്ഥാന അയ്യപ്പഭക്തന്മാർ ശബരിമല ദർശനം പൂർത്തിയാക്കാതെ പന്തളം വലിയ കോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രം സന്ദർശിച്ച് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും ദർശിച്ച ശേഷം നെയ്യഭിഷേകം നടത്തി മാല ഊരി നാട്ടിലേക്ക് തിരിച്ചു മടങ്ങി.

സന്നിധാനത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളിൽ കയറാൻ കഴിയാതെ തീർഥാടകർ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലക്കലിൽ ഏർപ്പെടുത്തിയിട്ടില്ല. അതാണ് തീർഥാടകരുടെ തിക്കിനും തിരക്കിനും പ്രധാന കാരണം. സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പൊലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടെന്ന് പറയപ്പെടുന്നു. സന്നിധാനത്തും പമ്പയിലും തിരക്ക് നിയന്ത്രിക്കാൻ സാധാരണയായി ഉണ്ടാകാറുള്ള എൻ.ഡി.ആർ.എഫ്, ആർ.എ.എഫ് തുടങ്ങിയ കേന്ദ്ര സേനകളുടെ അഭാവമാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നത്.

أحدث أقدم