
ഇടുക്കിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ധീരജ് കൊലക്കേസ് പ്രതി നിഖില്‍ പൈലി. ഇടുക്കി പൈനാവ് ഡിവിഷനില്‍ മല്‍സരിക്കുമെന്നാണ് നിഖിലിന്റെ വെല്ലുവിളി. കോണ്‍ഗ്രസിനെ ഒറ്റിയവരെ പരിഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നും നിഖില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘ഇടുക്കി ജില്ല പഞ്ചായത്ത് പൈനാവ് ഡിവിഷന്‍ വാര്‍ഡില്‍ പാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഞാനും മല്‍സരിക്കും. വാര്‍ഡില്‍ തോറ്റ ആളുകളെ ഇറക്കി സിപിഐഎമ്മുമായി അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കാന്‍ നിന്നാല്‍ കഴിഞ്ഞ തവണത്തെ റിസള്‍ട്ട് തന്നെ ഉണ്ടാകും’. ഇതാണ് നിഖില്‍ പൈലിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
മുന്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി വര്‍ഗീസിനെ പരിഗണിക്കുന്നതിനെതിരെയാണ് നിഖിലിന്റെ പ്രതിഷേധം. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒറ്റുകൊടുത്ത വരെ പരിഗണിക്കുന്നു എന്നാണ് നിഖില്‍ യുടെ ആരോപണം. നിഖില്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ കൂടി പ്രചരിച്ചതോടെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
പൈനാവ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് നിഖില്‍ പൈലി. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആസൂത്രിത കൊലപാതകമായിരുന്നു ധീരജിന്റേതെന്നും സംഘമായാണ് പ്രതികള്‍ എത്തിയതെന്നുമായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.