വീണ്ടും സർപ്രൈസുമായി കോൺഗ്രസ്; അനിൽ അക്കര അടാട്ട് പഞ്ചായത്തിൽ സ്ഥാനാർത്ഥി




വടക്കാഞ്ചേരി മുൻ എംഎൽഎ അനിൽ അക്കരയെയും തദ്ദേശ തിരഞ്ഞെടുപ്പിൽ കളത്തിലിറക്കി പ്രചാരണം കൊഴുപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്. കോൺഗ്രസ് നേതാവ് ആയ അനിൽ അക്കര അടാട്ട് പഞ്ചായത്തിലാണ് മത്സരിക്കുക. മണ്ഡലം ഉപസമിതി ചേർന്നാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അനിൽ അക്കര മത്സരിക്കണമെന്ന ശുപാർശ മുന്നോട്ടുവെച്ചത്. വീണ്ടും മണ്ഡല ഉപസമിതി ചേർന്ന് ഈ ശുപാർശയ്ക്ക് അന്തിമ അംഗീകാരം നൽകേണ്ടതുണ്ട്.

അടാട്ട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ അനില്‍ അക്കര 15-ാം വാര്‍ഡിലാണ് മത്സരിക്കുക. 2000 മുതല്‍ 2010 വരെ പഞ്ചായത്ത് അംഗമായിരുന്നു അനില്‍ അക്കര. 2000 മുതല്‍ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും 2003 മുതല്‍ 2010 വരെ പ്രസിഡന്റ് സ്ഥാനവും വഹിച്ചത് അനില്‍ അക്കരയാണ്.

ഇക്കാലയളവിലാണ് മികച്ച പഞ്ചായത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ അടാട്ട് പഞ്ചായത്തിനെ തേടിയെത്തിയത്. അടാട്ട് പഞ്ചായത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അനില്‍ അക്കരയെ സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയനാക്കിയത്. തുടര്‍ന്നാണ് വടക്കാഞ്ചേരി മണ്ഡലത്തില്‍ മത്സരിച്ച് അനില്‍ അക്കര എംഎല്‍എയാകുന്നത്.
أحدث أقدم