
മാവേലിക്കര: മാവേലിക്കര കെ.എസ്.ഇ.ബി ഓഫീസിൽ തെരുവ് നായയുടെ അഴിഞ്ഞാട്ടം. രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. കെ.എസ്.ഇ.ബി സബ്ഡിവിഷന്റെ ഭാഗമായുള്ള സ്റ്റോറിലെ സബ് എൻജിനീയർക്കും ഡ്രൈവർക്കുമാണ് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റത്. കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥനും നിലവിൽ സ്റ്റോറിലെ കരാർ വാഹനത്തിന്റെ ഡ്രൈവറുമായ ചെന്നിത്തല ചെറുകോൽ ശ്രീനിലയത്തിൽ സി.അശോക് രാജ് (68), സ്‌റ്റോറിലെ കരാർ വ്യവസ്ഥയിൽ ജോലിചെയ്യുന്ന സബ് എൻജിനിയർ കണ്ടിയൂർ കൃപാനിധിയിൽ നന്ദന മോഹൻ (23) എന്നിവർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
രാവിലെ 9.30ഓടെ കെ.എസ്.ഇ.ബി സ്‌റ്റോറിന് സമീപം നിൽക്കുമ്പോഴാണ് വെളുത്ത നിറത്തിലുള്ള നായ അശോക് രാജിന്റെ കാലിൽ കടിച്ചത്. ഇതറിഞ്ഞ് ഡെറ്റോളുമായി ചെല്ലുമ്പോൾ സമീപത്ത് കിടന്ന ലോറിക്കടിയിൽ ഇരുന്ന ഇതേ തെരുവ് നായ നന്ദനയ്ക്ക് നേരെ ചാടി വീഴുകയായിരുന്നു. നായ പാഞ്ഞടുക്കുന്നത് കണ്ട നന്ദന ഓടി മാറുന്നതിനിടെ വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കാണ് പരിക്കേറ്റത്. അവിടെ നിന്ന് ഇറങ്ങിയ നായ കോടതിയ്ക്ക് സമീപം വിദ്യാർത്ഥികളെയും സ്ത്രീകളേയും അക്രമിക്കാൻ ചെന്നതായും നാട്ടുകാർ പറയുന്നു. മാസങ്ങൾക്ക് മുമ്പ് പേവിഷബാധയേറ്റ മറ്റൊരു തെരുവ് നായ മാവേലിക്കരയിൽ 80ഓളം ആളുകളേയും വളർത്തുമൃഗങ്ങളെയും കടിച്ചിരുന്നു