കടയിൽ ചിക്കൻ വാങ്ങാനെത്തി, പിന്നാലെ യുപിഐ ആപ്പ് വഴി മെസേജിങ്..ഒടുവിൽ..


ഒമ്പതാം ക്ലാസ് വിദ്യാ‍ർത്ഥിനി ഗ‍ർഭിണിയായ കേസിൽ പ്രതിയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത് പൊലീസ്. റായ്ച്ചൂർ സ്വദേശി പ്രിയാകർ ശിവമൂർത്തിയാണ് അറസ്റ്റിലായത്. ക‍ർണാടകയിലെ റായ്ച്ചൂരിൽ യുപിഐ ആപ്പ് വഴി സന്ദേശങ്ങൾ അയച്ചാണ് പ്രതി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി അമ്മ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. നിരന്തര പീഡനങ്ങളെ തുടർന്ന് ഗ‍ർഭിണിയായ പെൺകുട്ടിയെ ഗ‍ർഭഛിദ്രം നടത്താൻ ഇയാൾ പ്രേരിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. പലതവണ ഗുളികകൾ കഴിച്ചതോടെ അവശ നിലയിലായ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത പ്രിയാകർ ശിവമൂർത്തിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. പെൺകുട്ടിയുടെ അച്ഛന്റെ കടയിൽ ചിക്കൻ വാങ്ങാനെത്തിയാണ് ഇയാൾ ഒമ്പതാം ക്ലാസുകാരിയുമായി അടുപ്പം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. യുപിഐ ആപ്പ് വഴി പെൺകുട്ടിയുടെ നമ്പറിലേക്കാണ് ഇയാൾ പണം കൈമാറിയത്. പിന്നീട് ഈ ആപ്പ് വഴി തന്നെ മെസ്സേജുകൾ അയക്കുകയും അടുപ്പമുണ്ടാക്കിയ ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വീട്ടിന് പുറത്തിറങ്ങിയ പെൺകുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്.

Previous Post Next Post