‘വീട്ടിലെത്തുന്ന ബിഎൽഒമാരെ പൂട്ടിയിടണം’..


എസ്‌ഐആർ നടപടിക്രമങ്ങളുമായി വീട്ടിലെത്തുന്ന ബിഎൽഒമാരെ പൂട്ടിയിടണമെന്ന് ഝാർഖണ്ഡ് ആരോഗ്യമന്ത്രി ഡോ. ഇർഫാൻ അൻസാരി. വോട്ടർ പട്ടിക പരിഷ്‌കരിക്കുന്നതിന്റെ മറവിൽ കുടിയേറ്റക്കാർ എന്ന് മുദ്രകുത്തി പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും അൻസാരി ആരോപിച്ചു.

‘വോട്ടർ പട്ടികയിൽ നിന്ന് നിങ്ങളുടെ പേര് നീക്കം ചെയ്യാൻ ബിഎൽഒമാർ ആരെങ്കിലും വന്നാൽ, അവരെ നിങ്ങളുടെ വീടിനുള്ളിൽ പൂട്ടിയിടുക….. ഞാൻ വന്ന് പൂട്ട് തുറക്കാം. എന്ത് വിലകൊടുത്തും വോട്ടർ പട്ടികയിൽ നിന്ന് നിങ്ങളുടെ പേര് നീക്കം ചെയ്യാൻ അവരെ അനുവദിക്കരുത്,’ ഇർഫാൻ അൻസാരി പറഞ്ഞു. വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ബിജെപി എസ്‌ഐആർ ദുരുപയോഗം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതേ പ്രക്രിയയിലൂടെ ബീഹാറിൽ ഏകദേശം 65 ലക്ഷം പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്‌തെന്നും ഇന്ത്യസഖ്യത്തിന് 80സീറ്റുകളുടെ നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ നീക്കം ആയിരക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കുക മാത്രമല്ല, അവരുടെ പൗരത്വത്തെക്കുറിച്ച് സംശയം ജനിപ്പിച്ചുവെന്നും അൻസാരി പറഞ്ഞു. സമാനമായ തന്ത്രം പശ്ചിമ ബംഗാളിലും ഝാർഖണ്ഡിലും നടപ്പാക്കാൻ ബിജെപി പദ്ധതിയിടുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Previous Post Next Post