
ഹോട്ടൽ മുറിയിൽ 33കാരനായ ചാർട്ടേഡ് അക്കൗണ്ടൻറിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. റൂമിൽ യുവാവിനൊപ്പം ഉണ്ടായിരുന്ന പുരുഷനും സ്ത്രീയുമാണ് പിടിയിലായത്. കൊൽക്കത്തയിലെ കസ്ബ എന്ന സ്ഥലത്തുള്ള ഹോട്ടലിലാണ് സംഭവം നടന്നത്.
കസ്ബയിലെ കോൺസുലേറ്റ് എന്ന ഹോട്ടലിൽ വെള്ളിയാഴ്ചയാണ് മൂന്ന് പേർ റൂമെടുത്തത്. ഓൺലൈൻ വഴിയാണ് റൂം ബുക്ക് ചെയ്തത്.മൂന്ന് പേരും രാത്രി 8.30നാണ് ഹോട്ടലിൽ എത്തിയത്. പുലർച്ചെ 1.30ഓടെ രണ്ടു പേർ ഹോട്ടലിൽ നിന്നു പോയി. ഇരുവരു തിരിച്ചുവന്നില്ല. മുറി വൃത്തിയാക്കാനായി ഹോട്ടൽ ജീവനക്കാരൻ പലതവണ വാതിലിൽ തട്ടിയിട്ടും തുറന്നില്ല. തുടർന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വന്ന് വാതിൽ ചവിട്ടിത്തുറന്നപ്പോൾ യുവാവ് തറയിൽ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഹോട്ടലിലെ അഞ്ചാം നിലയിലെ മുറിയിലാണ് യുവാവിൻറെ മൃതദേഹം കണ്ടത്.
ബീർഭൂമിലെ ദുബ്‌രാജ്പൂർ സ്വദേശിയും ചാർട്ടേഡ് അക്കൗണ്ടൻ്റുമായ ആദർശ് ലോസാൽകയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് പൊലീസ് ആദർശിൻറെ കൂടെയുണ്ടായിരുന്നവരുടെ വിശദാംശങ്ങൾ തേടി. ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇരുവരെയും വിശദമായി ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇരുവർക്കും ആദർശിനോട് എന്തെങ്കിലും ശത്രുതയുണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.