കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ജീവനക്കാരനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി..


തിരുവനന്തപുരം: തിരുവനന്തപുരം പാലോട് ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേരൂർക്കട വഴയില സ്വദേശി സുനിൽ കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ ജീവനക്കാരനാണ് മരിച്ച സുനിൽ കുമാർ. പാലോട് – കുശവൂർ ജംഗ്ഷനിലെ ലോഡ്ജിലാണ് സുനിൽ കുമാർ മുറി എടുത്തിരുന്നത്. മുറി തുറക്കാത്തതിനെത്തുടർന്ന് ലോഡ്ജ് ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി മുറി തുറന്നപ്പോഴാണ് കൈ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്നുപോയി മരിച്ച നിലയിൽ സുനിൽകുമാറിനെ കണ്ടെത്തിയത്. വാതിൽ തകര്‍ത്താണ് പൊലീസ് അകത്തു കയറിയത്. ലോഡ്ജിലെ ശുചിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുനിൽകുമാറിന് വലിയ സാമ്പത്തിക ബാധ്യതയുള്ളതായാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നവംബര്‍ 19ന് ജോലിക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ സുനിൽകുമാര്‍ പിന്നീട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സുനിൽകുമാറിനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം ഇന്നലെ പേരൂർക്കട പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

أحدث أقدم