
പാലക്കാട് ചിറ്റൂരിൽ ഇന്നലെ വൈകിട്ട് 6 മണി മുതൽ കാണാതായ 14കാരായ ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ ഇരട്ടകളായ രാമനും ലക്ഷ്മണനുമാണ് മരിച്ചത്. ലക്ഷ്മണന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൂത്തയാളായ രാമന്റെ മൃതദേഹം കണ്ടെത്തിയത്.
ഇരുവരും കുളത്തിൽ എന്തിനിറങ്ങി എന്നതിൽ വ്യക്തതയില്ല. മീൻ പിടിക്കാൻ ഇറങ്ങിയതാണെന്ന് കരുതുന്നു. ഇവരുടെ വസ്ത്രങ്ങളും, ഇലക്ട്രിക്ക് സ്കൂട്ടറും കുളത്തിന്റെ അരികിൽ ഉണ്ടായിരുന്നു.
മൃതദേഹങ്ങളിപ്പോൾ ചിറ്റൂർ താലൂക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. രാമനും ലക്ഷ്മണനും ഒരു മൂത്ത സഹോദരി കൂടിയുണ്ട്.