കുട്ടിയുടെ തലയിലെ മുറിവ് തുന്നിക്കെട്ടുന്നതിന് പകരം ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ച് ഡോക്ടർമാർ.. പരാതിയുമായി മാതാപിതാക്കൾ


കുട്ടിയുടെ തലയിലുണ്ടായ മുറിവിൽ ഫെവിക്വിക്ക് ഉപയോഗിച്ച് ഡോക്ടർമാർ. കുട്ടിയുടെ തലയിൽ നിന്ന് രക്തം വാർന്ന് കൊണ്ടിരുന്നപ്പോളാണ് ഫെവിക്വിക്ക് ഉപയോഗിച്ചതെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ പരാതിപ്പെട്ടിരിക്കുന്നത്. ഉത്തർ പ്രദേശിലെ മീററ്റിൽ ആണ് സംഭവം. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ അബദ്ധത്തിൽ മകന്റെ തല മേശയുടെ മൂലയിൽ ഇടിച്ച് പരിക്കേൽക്കുകയായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു.

സർദാർ ജസ്പീന്ദർ സിംഗ് എന്നയാളുടെ മകനാണ് ഗുരുതര കൃത്യ വിലോപം നേരിടേണ്ടി വന്നത്. ജാഗ്രിതി വിഹാർ എന്ന മേഖലയിലെ താമസക്കാരനാണ് പരാതിക്കാരൻ. ആശുപത്രിയിൽ മുറിവ് പരിശോധിച്ച ഡോക്ടർ ഒരു ഫെവി ക്വിക്ക് വാങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നു. കുട്ടി വേദന മൂലം കരയുന്നത് പോലും പരിഗണിക്കാതെയായിരുന്നു പ്രാകൃത രീതിയിലെ ചികിത്സയെന്നാണ് പരാതി.

മുറിവിൽ ഫെവി ക്വിക്ക് തേച്ച് തിരിച്ച് വിട്ടതോടെ കുട്ടി രാത്രിയിൽ മുഴുവൻ കരഞ്ഞു. ഇതോടെ വീട്ടുകാർ കുഞ്ഞിനെ ലോക്പ്രിയ ആശുപത്രിയിലെത്തിച്ചു. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിലാണ് ഇവിടെ വച്ച് ഡോക്ടർമാർ ഫെവി ക്വിക്ക് മുറിവിൽ നിന്ന് നീക്കിയത്. ഇതിന് പിന്നാലെ പരിക്കേറ്റ ഭാഗം വ‍ൃത്തിയാക്കി മുറിവ് തുന്നിക്കെട്ടുകയും ചെയ്തു.

സംഭവത്തിൽ കുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി മീററ്റ് ചീഫ് മെഡിക്കൽ ഓഫീസർ അശോക് കട്ടാരിയ പറഞ്ഞു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്നും അശോക് കട്ടാരിയ വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലും കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്.

ഡോക്ടർക്കെതിരെ അച്ചടക്ക നടപടിയോ നിയമ നടപടിയോ ആവശ്യമാണോ എന്ന് നിർണ്ണയിക്കാൻ അധികാരികൾ അന്വേഷണം നടത്തുകയാണ്. ഈ സംഭവം പ്രദേശവാസികൾക്കിടയിൽ രോഷം ജനിപ്പിക്കുകയും സ്വകാര്യ മെഡിക്കൽ സൗകര്യങ്ങളിലെ രോഗികളുടെ സുരക്ഷയെയും ഉത്തരവാദിത്തത്തെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയും ചെയ്തു.

أحدث أقدم