ചോദ്യബാങ്ക് അധിഷ്ഠിത പരീക്ഷകൾക്ക് തുടക്കമിട്ട് കാലിക്കറ്റ് സർവകലാശാല




തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിൽ നാലുവർഷ ഡിഗ്രി ഒന്നാം സെമസ്റ്ററിലെ ചില പരീക്ഷകൾ ഇനി മുതൽ ചോദ്യബാങ്ക് അധിഷ്ഠിതമായ ‘സിയു എക്സാം സ്യൂട്ട്’ സോഫ്റ്റ്‍വെയറിലൂടെ നടത്തിതുടങ്ങി. സർവകലാശാലയുടെ പരീക്ഷാ സംവിധാനത്തിൽ ഇതോടെ വലിയ മാറ്റമാണ് രേഖപ്പെടുത്തുന്നത്.

പരീക്ഷാ സ്ഥിരംസമിതി കൺവീനർ ഡോ. ടി. വസുമതിയും പരീക്ഷാ കൺട്രോളർ ഡോ. പി. സുനോജ് കുമാറും ചേർന്നാണ് പുതിയ പരീക്ഷാ രീതിയുടെ തുടക്കം പ്രഖ്യാപിച്ചത്. ആദ്യമായാണ് ചോദ്യക്കടലാസുകൾ പൂർണ്ണമായും സോഫ്റ്റ്‍വെയറിന്റെ സഹായത്തോടെ തയ്യാറാക്കുന്നത്.

വിഷയങ്ങളുടെ സിലബസിനെ അടിസ്ഥാനമാക്കി, ആയിരത്തോളം അധ്യാപകരുടെ മേൽനോട്ടത്തിൽ ആണ് ഓരോ പേപ്പറിനും ചോദ്യങ്ങൾ തയ്യാറാക്കുന്നത്. ഇതിലൂടെ സിലബസിന് പുറത്തുള്ള ചോദ്യങ്ങൾ വരാനുള്ള സാധ്യത ഇല്ലാതാകുകയും പരീക്ഷയുടെ കൃത്യത വർദ്ധിക്കുകയും ചെയ്യുമെന്നു ക്വസ്റ്റ്യൻ ബാങ്ക് കമ്മിറ്റി കൺവീനറും സിൻഡിക്കേറ്റംഗവുമായ അഡ്വ. എൽ.ജി. ലിജീഷ് വ്യക്തമാക്കി.

പുതിയ സോഫ്റ്റ്‍വെയർ പരീക്ഷാ നടത്തിപ്പ് വേഗത്തിലാക്കുകയും തെറ്റുകൾ കുറയ്ക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. സർവകലാശാലയുടെ പരീക്ഷാ ക്രമീകരണത്തിൽ നടന്നിരിക്കുന്ന ഈ മാറ്റം, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൂടുതൽ വിശ്വാസ്യതയുള്ള പരീക്ഷാ അന്തരീക്ഷം ഒരുക്കും. ചോദ്യബാങ്ക് അധിഷ്ഠിത പരീക്ഷകൾ ഇനി വരും സെമസ്റ്ററുകളിലൊക്കെയും വ്യാപിപ്പിക്കാനാണ് തീരുമാനം
أحدث أقدم