
കൊല്ലം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ വീട്ടില്‍ മന്ത്രിമാര്‍ പോയില്ലെന്ന് കുറ്റപ്പെടുത്തി കൊടിക്കുന്നില്‍ സുരേഷ് എംപി. കൊല്ലം ജില്ലയില്‍ ഉള്ളത് മനുഷ്യത്വമില്ലാത്ത മന്ത്രിമാരാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. വേണുവിന്റെ വീട്ടില്‍ എത്താന്‍ പോലും മന്ത്രിമാര്‍ തയ്യാറായില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രസ്താവന ഇറക്കാതെ നടപടി എടുക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.
ആരോഗ്യ മന്ത്രി വേണുവിന്റെ വീട് സന്ദര്‍ശിക്കണം. വേണുവിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. വേണു പട്ടിക ജാതിക്കാരനായതുകൊണ്ടാണ് സര്‍ക്കാര്‍ തിരിഞ്ഞു നോക്കാത്തതെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.
അതേസമയം വേണുവിന്റെ മരണത്തില്‍ വിശദീകരണവുമായി കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാര്‍ രംഗത്തെത്തി. വേണുവിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കിയെന്നും എല്ലാ രോഗികളും ഒരുപോലെയാണെന്നും കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐയ്പ് പറഞ്ഞു.