ഓർഡർ ചെയ്ത വെജ് സാൻഡ്‌വിച്ചിൽ ചെമ്മീൻ കഷണങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഉപഭോക്താവിന് നഷ്ടപരിഹാരം അനുവദിച്ച് ഉപഭോക്തൃ കമ്മീഷൻ. ഭക്ഷണം എത്തിച്ചു നൽകിയ ഫുഡ് ഡെലവറി ആപ്പായ സ്വിഗ്ഗിയും പാരിസ് പാനിനി റസ്റ്ററൻ്റും ചേർന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാണമെന്നാണ് ബെംഗളൂരുവിലെ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. നിഷ ജി എന്ന യുവതിയുടെ പരാതിയിലാണ് നടപടി.
2024 ജൂലായ് 10ന് സ്വിഗ്ഗി വഴി പാരിസ് പാനിനി എന്ന റെസ്റ്ററൻ്റിൽ നിന്ന് ഓർഡർ ചെയ്ത സാൻഡ്‌വിച്ചിനുള്ളിൽ ചെമ്മീൻ കഷണങ്ങൾ ഉണ്ടായിരുന്നതായി കഴിച്ചപ്പോഴാണ് നിഷ കണ്ടെത്തിയത്. ഇത് മാനസികാഘാതമുണ്ടാക്കിയെന്നും ശുദ്ധീകരണ ആചാരങ്ങൾ നടത്തിയെന്ന് പരാതിയിൽ പറയുന്നു.
പിറ്റേ ദിവസം റെസ്റ്റോറന്റിലെത്തിയപ്പോൾ മാനേജർ തെറ്റ് സമ്മതിക്കുകയും തിരക്ക് കാരണമാണെന്ന് പറഞ്ഞ് പകരം സാൻഡ്‌വിച്ച് നൽകാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ യുവതി തുടർ നടപടികളിലേക്ക് കടക്കുകയായിരുന്നു.
ജൂലായ് 20ന് അയച്ച ലീഗൽ നോട്ടീസിന് മറുപടി ലഭിക്കാതെ വന്നതോടെ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഓഗസ്റ്റ് 22- ന് സ്വിഗ്ഗിക്കും റെസ്റ്ററന്റിനുമെതിരെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകി.
തങ്ങൾ വെറും ടെക്നോളജി പ്ലാറ്റ്‌ഫോമാണെന്നും ഉപഭോക്താവും റെസ്റ്ററന്റും തമ്മിലാണ് കരാറെന്നും സ്വിഗ്ഗി വാദിച്ചു. പാരിസ് പാനിനി തെറ്റ് സമ്മതിച്ചെങ്കിലും തങ്ങൾ വെജ്-നോൺവെജ് ഭക്ഷണം ഒരുമിച്ച് വിളമ്പുന്ന റെസ്റ്ററന്റായതിനാൽ തന്നെ ‘ശരിക്കുള്ള വീഗൻ’ തങ്ങളുടെ കടയിൽ നിന്ന് ഓർഡർ ചെയ്യില്ലായിരുന്നുവെന്ന് വാദിച്ചു.
എന്നാൽ ഇരുകക്ഷികളുടെയും വാദങ്ങൾ തള്ളിയ കമ്മീഷൻ, ‘മതം, സംസ്കാരം, ആരോഗ്യം അല്ലെങ്കിൽ വ്യക്തിപരമായ തിരഞ്ഞെടുപ്പ് കാരണം ഭക്ഷണനിയന്ത്രണമുള്ള ഒരാൾക്ക് നോൺ-വെജിറ്റേറിയൻ ഭക്ഷണം അബദ്ധവശാൽ നൽകുന്നത് നിസ്സാരമായി കാണാനാവില്ലെന്നും ഇതിന് വൈകാരികവും മതപരവും മാനസികവുമായ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.
സ്വിഗ്ഗിയും റെസ്റ്ററന്റും ചേർന്ന് 50,000 രൂപ നഷ്ടപരിഹാരമായും 50,000 രൂപ മാനസികമായുണ്ടായ ബുദ്ധിമുട്ടിനും 5,000 രൂപ കോടതി ചെലവിനും 146 രൂപ സാൻഡ്‌വിച്ച് തുക തിരിച്ചുനൽകണമെന്നും (12% പലിശ സഹിതം) കമ്മീഷൻ ഉത്തരവിടുകയായിരുന്നു.