ഫ്‌ളാഗ് ഓഫ് ചെയ്തു, മുന്നോട്ടെടുത്ത ഹരിതകര്‍മസേനാ വാഹനം ചാടിയത് പുഴയിലേക്ക്; ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനടക്കം വെള്ളത്തിൽ


പുഴയിലേക്ക് മറിഞ്ഞ വടക്കാഞ്ചേരി നഗരസഭാ വാഹനം കയറ്റുന്നു
പുഴയിലേക്ക് മറിഞ്ഞ വടക്കാഞ്ചേരി നഗരസഭാ വാഹനം കയറ്റുന്നു

വടക്കാഞ്ചേരി: നഗരസഭ ഹരിതകര്‍മസേനയുടെ നവകാന്തി ഉദ്ഘാടനച്ചടങ്ങില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത വാഹനം വടക്കാഞ്ചേരിപ്പുഴയിലേക്ക് മറിഞ്ഞു. നവകാന്തിയുടെ മൊബൈല്‍ യൂണിറ്റ് ഇലക്ട്രിക് വാഹനത്തില്‍ ഡ്രൈവറായ ഹരിതകര്‍മസേനാംഗം, ചെയര്‍മാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തതോടെ വണ്ടി മുന്നോട്ടെടുത്തു. തൊട്ടുമുന്നിലുളള പുഴയിലേക്ക് മറിഞ്ഞ വാഹനത്തില്‍ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.ആര്‍. അരവിന്ദാക്ഷനുമുണ്ടായിരുന്നു. വാഹനത്തിന്റെ മുന്‍വശത്താരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

സമീപത്തെ കുമ്മായച്ചിറ അടച്ചിരുന്നതിനാല്‍ പുഴയില്‍ നിരപ്പ് ഉയര്‍ന്നിരുന്നു. ചില്ലുകള്‍ താഴ്ത്തിയിരുന്നതിനാല്‍ വാഹനത്തിന്റെ വാതില്‍ തുറന്ന് അരവിന്ദാക്ഷന്‍ ആദ്യം പുറത്തേക്ക് ചാടി. തുടര്‍ന്ന് ഡ്രൈവറും. വാഹനത്തില്‍നിന്ന് രക്ഷപ്പെട്ട ഇരുവരെയും രക്ഷിക്കാന്‍ കരയിലുണ്ടായിരുന്ന നഗരസഭാ ജീവനക്കാരും പുഴയിലേക്ക് ചാടി.


വാഹനം പിന്നീട് അഗ്‌നി രക്ഷാ സേന റിക്കവറിവാനിന്റെ സഹായത്തോടെ കയറ്റി. നഗരസഭയില്‍ ഖരമാലിന്യ പരിപാലന പദ്ധതിയുടെ പിന്തുണയോടെ ഹരിതകര്‍മസേന ആരംഭിക്കുന്ന പുതിയ സംരംഭമാണ് നവകാന്തി തുണിസഞ്ചിനിര്‍മാണ യൂണിറ്റ്. 25 ലക്ഷം രൂപയുടെ നിര്‍മാണയൂണിറ്റിനായി മൊബൈല്‍ ഔട്ട്ലെറ്റിനും സഹായകമായ ഇലക്ട്രിക് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഹരിതകര്‍മസേന അംഗങ്ങള്‍ വീടുകളില്‍നിന്ന് ശേഖരിക്കുന്ന തുണികള്‍ തരംതിരിച്ച് അണുവിമുക്തമാക്കിയാണ് ചവിട്ടിയും പരിസ്ഥിതിസൗഹൃദ തുണിസഞ്ചികളും നിര്‍മിക്കുന്നത്

Previous Post Next Post