
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് കോടതി വിധി പറയാനിരിക്കെ പ്രതികരണവുമായി ഉമാ തോമസ് എംഎൽഎ. കേസിൽ നടിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്വന്തം മകൾക്ക് അപകടം നേരിട്ടത് പോലെയാണ് പി ടി തോമസ് ഇടപെട്ടതെന്നും അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്നും ഉമാ തോമസ് പറഞ്ഞു.
കേസിൽ പ്രധാന സാക്ഷികളിൽ ഒരാളായിരുന്നു അന്തരിച്ച തൃക്കാക്കര എംഎൽഎ പി ടി തോമസ്. കൊച്ചിയിലെ പ്രത്യേക കോടതിയിൽ അദ്ദേഹം വിസ്താരത്തിനും ഹാജരായിരുന്നു. ആക്രമിക്കപ്പെട്ടതിന് ശേഷം ലാലിന്റെ വീട്ടിൽ അഭയംതേടിയ നടിയെ വിവരം അറിഞ്ഞെത്തിയ അന്നത്തെ തൃക്കാക്കര എംഎൽഎ ആയിരുന്ന പി ടി തോമസ് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പി ടി തോമസിനെ സാക്ഷിചേർത്തത്. കേസിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം 2021ലാണ് അന്തരിച്ചത്.