ദില്ലിയിലെ റെഡ്ഫോർട്ടിന് സമീപമുണ്ടായ ബോംബ് സ്ഫോടനത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തി നമ്മുടെ രാജ്യത്തിനും അവിടുത്തെ ജനങ്ങൾക്കും നേരെയുള്ള ആക്രമണമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ദില്ലിയിലെ ജനങ്ങളോടൊപ്പം കേരളം നിലകൊള്ളുമെന്നും മുഖ്യമന്ത്രി കുറിച്ചു.
ഈ ഹീനകൃത്യത്തിന് പിന്നിലുള്ളവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രാജ്യത്തിന്റെ സമാധാനത്തിന് ഭീഷണിയാകുന്ന അത്തരം ശക്തികളെ പരാജയപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.അതേസമയം, ഉഗ്ര സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. 13 പേർക്ക് ജീവൻ നഷ്ടമാകുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കാർ ബോംബ് സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴത്തിലുള്ള ദുഃഖം പ്രകടിപ്പിച്ചു.