
ആലപ്പുഴ: ഒരു കോടിയിലേറെ രൂപ വിലവരുന്ന മയക്കുമരുന്നും കഞ്ചാവുമായി മൂന്ന് യുവാക്കൾ എക്സൈസിന്റെ പിടിയിലായി. ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് രഹസ്യവിവരത്തെ തുടർന്ന് ഇവരെ പിടികൂടിയത്.
ആലപ്പുഴ മണ്ണഞ്ചേരി കുമ്പളത്തുവെളി സ്വദേശി ബി. റിനാസ് (22), എറണാകുളം കോതമംഗലം മാമലക്കണ്ടം സ്വദേശി പി.എസ്. അപ്പു (29), തൃശ്ശൂർ തലോർ കളപ്പുരയ്ക്കൽ സ്വദേശി കെ.എസ്. അനന്തു (30) എന്നിവരാണ് അറസ്റ്റിലായത്.
2 കിലോ കഞ്ചാവ്, 1.1 കിലോ ഹാഷിഷ് ഓയിൽ, 4 ഗ്രാം മെത്താഫെറ്റമിൻ, 334 എംഡിഎംഎ ഗുളികകൾ എന്നിവയാണ് പിടികൂടിയത്.
ഇതിനു പുറമെ, അഞ്ച് മൊബൈൽ ഫോണുകളും 63,500 രൂപയും ഇവരിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ലഹരിക്കടത്ത് കേസുകളിൽ ഇവർ മുൻപും പിടിയിലായിട്ടുള്ളവരാണ്. ഗുളിക രൂപത്തിലുള്ള എംഡിഎംഎ ആലപ്പുഴ ജില്ലയിൽ ആദ്യമായാണ് പിടികൂടുന്നതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ്. അശോക് കുമാർ അറിയിച്ചു. ഇത്രയധികം ലഹരിവസ്തുക്കൾ ഒരുമിച്ച് പിടികൂടുന്നതും ജില്ലയിലെ ആദ്യ സംഭവമാണ്.
ഇവർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ്. മൊബൈൽ ട്രാക്കിംഗ് ഒഴിവാക്കാൻ, ഫിലിപ്പീൻസിലെ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ഇവർ ഓൺലൈൻ വഴി ലഹരി കച്ചവടം നടത്തിയിരുന്നത്. ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. പ്രശാന്ത്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഷിബു പി. ബെഞ്ചമിൻ, സി.വി. വേണു, ഇ.കെ. അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.