കുട്ടികളെ കാണാതാകുന്നത് പതിവായതോടെ അന്വേഷണം; അഴുക്കു ചാലിൽ നിന്ന് കണ്ടെത്തിയത് 19 ശരീരാവശിഷ്ടങ്ങൾ..


നിഥാരി കൂട്ടക്കൊലക്കേസിലെ പ്രതി സുരേന്ദ്ര കോലിയെ സുപ്രിം കോടതി കുറ്റവിമുക്തനാക്കിയതോടെ സംഭവം വീണ്ടും വാർത്തകളിൽ നിറയുകയാണ്. അന്വേഷണസംഘം തെളിവ് ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതാണ് സുരേന്ദ്ര കോലിയെ കേസിൽ നിന്നും കുറ്റവിമുക്തനാക്കിയത്. 12 കൊലക്കേസുകളിൽ നിന്ന് സുരേന്ദ്ര കോലിയെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഇപ്പോൾ അവസാന കേസിലും കോലി കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുകയാണ്. സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കോലിയെ കുറ്റവിമുക്തനാക്കിയത്.

ഉത്തർപ്രദേശിന്റെ പടിഞ്ഞാറ് ഡൽഹിയുമായി അതിർത്തി പങ്കിടുന്ന ഗ്രാമമായ നിഥാരി ഇന്ന് കൂട്ടക്കൊലയുടെ പേരിലാണ് അറിയപ്പെടുന്നത്. അടുത്തുള്ള ഗ്രാമത്തിൽ നിന്ന് കുട്ടികളെ കാണാതാകുന്നത് പതിവായതോടെ നടത്തിയ അന്വേഷണമാണ് ഏതൊരു ആളേയും ഞെട്ടിക്കുന്ന നിഥാരി കൂട്ടക്കൊലയിലേക്ക് വെളിച്ചം വീശിയത്. അന്വേഷണത്തിൽ പ്രതികളിലൊരാളായിരുന്ന മൊനീന്ദർ സിങ് പാന്ഥറുടെ വീടിന് മുന്നിലെ അഴുക്ക് ചാലിൽ നിന്ന് 19 ശരീരാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. 11 പെൺകുട്ടികളുടെ ഒരു യുവതിയുടെ ആറ് ആൺ കുട്ടികളുടേയും ശരീര അവശിഷ്ടങ്ങൾ അഴുക്കു ചാലിൽ നിന്ന് കണ്ടെത്തി എന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്.

ഒടുവിൽ നിഥാരി ഗ്രാമത്തിലെ സെക്ടർ 31-ലെ ഡി-5 ബംഗ്ലാവ് ഉടമയായ മൊനീന്ദർ സിങ് പാന്ദറും സഹായിയായ സുരേന്ദ്ര കോലിയും അറസ്റ്റിലായി. മൊനീന്ദർ സിങ് പാന്ഥറുടെ വീട്ടിൽ വച്ച് ഇരുപതുകാരിയെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ഉൾപ്പെടെ ഒട്ടേറെപ്പേരെ ലൈംഗികപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. 2007ൽ പന്ദറിനും കോലിക്കുമെതിരെ 19 കേസുകളാണ് സിബിഐ ഫയൽ ചെയ്തിരുന്നത്. ഇരകളെ മാനഭംഗപ്പെടുത്തിയതായും അവരുടെ ശരീരഭാഗങ്ങൾ ഭക്ഷിച്ചതായും കോലി സമ്മതിക്കുകയും ചെയ്തിരുന്നു. പിന്നീട് ഓരോ കേസുകളിലായി ഇവരെ വെറുതെ വിട്ടു. അലഹബാദ് ഹൈക്കോടതി ഒരു ഘട്ടത്തിൽ കേസ് അന്വേഷണത്തിലെ അനാസ്ഥ ചൂണ്ടികാട്ടി സിബിഐയെ നിശിതമായി വിമർശിച്ചു. അവയവ വില്പനയുമായി ബന്ധപ്പെട്ട ഭാഗം അന്വേഷിക്കാതിരുന്നത് ചൂണ്ടി കാട്ടി.

2006 ഡിസംബർ 29 ന് പടർന്ന ഒരു അഭ്യൂഹത്തെ തുടർന്ന് നടത്തിയ അന്വേഷണമാണ് കേസിലേക്കെത്തിയത്. വ്യവസായിയായ മൊനീന്ദർ സിങ് പാന്ഥറിന്റെ വീടിന് മുന്നിലെ അഴുക്കു ചാലിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടു എന്നായിരുന്നു അഭ്യൂഹം. കുട്ടികളെ കാണാതായ സംഭവങ്ങളിൽ നിരന്തരം പരാതി പറഞ്ഞിട്ടും പൊലീസിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടായിരുന്നില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ അഴുക്കുചാലിൽ പരിശോധന നടത്തുകയായിരുന്നു. ആദ്യം അഴുകിയനിലയിൽ കൈയും പിന്നീടു വേറെയും ശരീരഭാഗങ്ങളും കണ്ടെത്തി. പൊലീസും സ്ഥലത്തെത്തി. അന്നുതന്നെ വീട്ടുടമ മൊനിന്ദറെയും സഹായി സുരേന്ദ്ര കോലിയെയും അറസ്റ്റുചെയ്തു.

Previous Post Next Post