കൃഷിയിടത്തില്‍ വെക്കുന്ന പേക്കോലം പോലെ'; മന്ത്രി വിഎന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്





കാസര്‍കോട്: ദേവസ്വം മന്ത്രി വിഎന്‍ വാസവനെതിരേ ശാരീരികാധിക്ഷേപം നടത്തി ബിജെപി സംസ്ഥാന സമിതിയംഗം എ. വേലായുധന്‍. ബിജെപി ജില്ലാ കമ്മിറ്റി കാസര്‍കോട് നടത്തിയ ശബരിമല സംരക്ഷണ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ജില്ലാ പഞ്ചായത്ത് മടിക്കൈ ഡിവിഷനിലെ സ്ഥാനാര്‍ഥിയായ വേലായുധന്‍ മന്ത്രിയെ തടിമാടനെന്നും ആജാനുബാഹുവെന്നും അധിക്ഷേപിച്ചത്.

കോടിക്കണക്കിന് ഹിന്ദുക്കള്‍ ശബരിമല ദര്‍ശനം നടത്തുമ്പോള്‍ ശ്രീകോവിലിന് മുന്‍പില്‍ ഭക്തന്‍മാരെ മറച്ചുകൊണ്ട് ആജാനുബാഹുവായ, തടിമാടനായ വാസവന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ മറക്കുകയാണെന്നാണ് പരാമര്‍ശം. പുതിയ വീടിന് മുന്‍പിലും കൃഷിയിടത്തിലും വെക്കുന്ന പേക്കോലം പോലെയാണ് മന്ത്രി ശബരിമലയില്‍ പെരുമാറിയതെന്നും ബിജെപി നേതാവ് പറഞ്ഞു.. 

തികഞ്ഞ ധാര്‍ഷ്ട്യത്തോടെ വ്രതമെടുക്കാതെ ഭരണകൂടത്തിന്റെ നെറികെട്ട പ്രതിനിധിയാണ് ദേവസ്വം മന്ത്രി, ഹിന്ദുക്ഷേത്രങ്ങളുടെ സ്ഥലം സര്‍ക്കാര്‍ കൈയേറിയിരിക്കുകയാണെന്നും മറ്റു മതങ്ങളുടെ സ്ഥലമാണെങ്കില്‍ ഇത് നടക്കില്ലെന്നും' അദ്ദേഹം പറഞ്ഞു. മതേതരത്വം എന്ന മയക്കുമരുന്നിന് അടിമയായി എല്ലാം സഹിച്ച് കഴിയുകയാണ് ഹിന്ദുസമൂഹം. അതുകൊണ്ട് സനാതന ധര്‍മത്തെ കാത്തുസൂക്ഷിക്കാന്‍ പൊളിറ്റിക്കല്‍ ഹിന്ദുവായി മാറാനുമുള്ള ചങ്കൂറ്റം കാണിക്കണമെന്നും എ. വേലായുധന്‍ പറഞ്ഞു.




Previous Post Next Post