
മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്നത്. ജനുവരി 20 വരെ തുടരുന്ന തീർത്ഥാടനത്തിനാണ് ഇതോടെ തുടക്കമായത്.
നാളെ വൃശ്ചികപ്പുലരിയിൽ പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെയാണ് തീർത്ഥാടനം തുടങ്ങുക. ഇന്ന് നട തുറക്കുമെങ്കിലു പ്രത്യേക പൂജകൾ ഇല്ല. പുതിയ ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാർരോഹന ചടങ്ങുകളും നാളെ നടക്കും. ദിവസവും പുലർച്ചെ മൂന്നുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 11 വരെയുമാണ് ദർശനം.
ഡിസംബർ 26-ന് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധനയും 27-ന് മണ്ഡലപൂജയും നടക്കും. അന്ന് രാത്രി നട അടയ്‌ക്കുന്നതോടെ മണ്ഡലകാല തീർത്ഥാടനം അവസാനിക്കും. 30-ന് വൈകിട്ട് അഞ്ചിന് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്.