
സെമസ്റ്റർ ഫീസ് പൂർണമായി അടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷയെഴുതാൻ അധികൃതർ അനുവദിക്കാത്തതിനെത്തുടർന്ന് ഉത്തർപ്രദേശിൽ ഒരു ബിരുദ വിദ്യാർഥി കോളേജ് കാമ്പസിനുള്ളിൽ സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ബുദ്ധാനയിലുള്ള കോളേജിലാണ് സംഭവം.
കോളേജിലെ മൂന്നാം സെമസ്റ്റർ ബി.എ. വിദ്യാർഥിയായ ഉജ്ജ്വൽ റാണ (20) ആണ് ക്ലാസ്മുറിക്കുള്ളിൽ വെച്ച് തീകൊളുത്തിയത്. 70% പൊള്ളലേറ്റ ഇയാളെ ആദ്യം മീററ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റിയെങ്കിലും നില അതീവ ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച രാവിലെ 11:30 ഓടെയാണ് കാമ്പസിനുള്ളിൽ വെച്ച് വിദ്യാർഥി ഈ കടുംകൈ ചെയ്തത്.
സംഭവത്തിന് രണ്ട് ദിവസം മുൻപ് ഉജ്ജ്വൽ റാണ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിൽ പ്രിൻസിപ്പലിനും പോലീസിനും എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. 7,000 രൂപ കൂടി ഫീസ് ഇനത്തിൽ അടയ്ക്കാനുണ്ടായിരുന്നു. 1,700 മാത്രമാണ് അടയ്ക്കാൻ സാധിച്ചത്. മൂന്നാം സെമസ്റ്റർ പരീക്ഷയുടെ സമയമായിട്ടും കോളേജ് അധികൃതർ തന്നെ പരീക്ഷയെഴുതാൻ അനുവദിച്ചില്ല. പ്രിൻസിപ്പൽ എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ അപമാനിച്ചു. “ഇത് ധർമ്മശാലയല്ല, കോളേജാണ്” എന്ന് പറഞ്ഞു. പ്രിൻസിപ്പൽ തന്റെ മുടിയിൽ പിടിച്ചു വലിക്കുകയും മർദ്ദിക്കുകയും ചെയ്തു. ഫീസടയ്ക്കാൻ കഴിയാത്ത മറ്റ് വിദ്യാർഥികൾക്ക് വേണ്ടി താൻ സംസാരിച്ചപ്പോൾ കോളേജ് അധികൃതർ പോലീസിനെ വിളിച്ചുവരുത്തി. ആ പോലീസുകാരും തന്നോട് മോശമായി സംസാരിക്കുകയും തന്നെ കോളേജിൽ നിന്ന് തള്ളി പുറത്താക്കുകയും ചെയ്തു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി പ്രിൻസിപ്പലും ആ മൂന്ന് പോലീസുകാരുമായിരിക്കുമെന്നും വീഡിയോയിൽ ഉജ്ജ്വൽ റാണ വ്യക്തമാക്കിയിരുന്നു.