
ലുക്ക് ഔട്ട് നോട്ടീസ് നിലനില്‍ക്കെ വിദേശത്ത് നിന്ന് നാട്ടിലെത്തി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി താമരശേരിയിലെ ഫ്രഷ് കട്ട് സമരമസമിതി ചെയര്‍മാന്‍. കുടുക്കില്‍ ബാബുവാണ് പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് നാമനിര്‍ദ്ദേശ പത്രികയുടെ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങിയത്. നേപ്പാളില്‍ വിമാനമിറങ്ങി റോഡ് മാര്‍ഗമാണ് ബാബു നാട്ടിലെത്തിയത്. നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിട്ട് താമരശ്ശേരി പൊലീസിന്റെ കണ്ണ് വെട്ടിച്ച് വിദേശത്തേക്ക് മടങ്ങുകയും ചെയ്തു.
കുടുക്കില്‍ ബാബു സ്ഥാനാര്‍ത്ഥിയാകുമെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. ഏത് വിമാനത്താവളത്തില്‍ ഇറങ്ങിയാലും കുടുക്കില്‍ ബാബുവിനെ പിടിക്കണമെന്നായിരുന്നു പൊലീസിന്റെ തീരുമാനം. എന്നാല്‍ വിദേശത്ത് നിന്ന് നേപ്പാളില്‍ വിമാനമിറങ്ങിയ ബാബു റോഡ് മാര്‍ഗം ഇന്ത്യയിലെത്തുകയായിരുന്നു. പിന്നീട് ആഭ്യന്തര ഫ്‌ളൈറ്റ് വഴി കോഴിക്കോടേക്കുമെത്തി. ആഭ്യന്തര ഫ്‌ളൈറ്റ് വഴി വരുമ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് ബാധകമല്ലാത്തതിനാല്‍ കുടുക്കില്‍ ബാബു രക്ഷപ്പെടുകയായിരുന്നു.