എന്റെ ഹൃദയത്തില്‍ നിന്നുള്ള സ്‌നേഹോപഹാരമാണ്…., പ്രതീക്ഷകള്‍ക്ക്, ആഗ്രഹങ്ങള്‍ക്ക് പുതിയ പാത തുറന്നു തന്നതിന്….’


പത്താം ക്ലാസ് തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാന്‍ അനുവാദം നല്‍കാന്‍ ഇടപെട്ട വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് നന്ദി അറിയിച്ച് അനീഷ അഷ്‌റഫ്. പരീക്ഷ എഴുതിയ ശേഷമാണ് മന്ത്രിക്ക് കത്ത്. മസ്‌കുലാര്‍ ഡിസ്‌ട്രോഫി രോഗബാധിതയാണ് തൃശൂര്‍ തളിക്കുളം സ്വദേശി അനീഷ. ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അവസരം നല്‍കണമെന്ന അനീഷയുടെ അപേക്ഷയിലാണ് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പ്രത്യേക താല്‍പ്പര്യമെടുത്തതും, പരീക്ഷ എഴുതാന്‍ ക്രമീകരണം ഒരുക്കിയതും.

‘പത്താം തരം തുല്യതാ പരീക്ഷകള്‍ ഭംഗിയായി അവസാനിച്ചിരിക്കുന്നു. അതിന്റെ ക്ഷീണമെല്ലാം മാറിയപ്പോള്‍ സാറിന് കത്തെഴുതണമെന്ന് തോന്നി. എന്റെ മുമ്പിലുണ്ടായിരുന്ന തടസ്സങ്ങളെയെല്ലാം തിരുത്തിക്കുറിച്ച് എന്റെ ആഗ്രഹങ്ങള്‍ക്ക്, പ്രതീക്ഷകള്‍ക്ക്, എന്റെ നിസ്സഹായതകള്‍ക്ക്, ഞാന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ക്ക്, അങ്ങ് നല്‍കിയ പരിഗണന, കരുതല്‍ എനിക്കും ഇനിയുമിതുപോലുള്ള ജീവിതങ്ങള്‍ക്കും പുതിയൊരു പാത തുറന്നിരിക്കുന്നു.

ചരിത്രം മാറ്റിയെഴുതിയ ഈ തീരുമാനത്തിന് മനുഷ്യത്വം എന്നതിനപ്പുറം മറ്റൊന്നും വിശേഷിപ്പിക്കാനില്ല.ഹൃദയം നിറഞ്ഞ സന്തോഷത്തോടെ അങ്ങേയ്‌ക്കെന്റെ ആയിരം സ്‌നേഹാഭിവാദ്യങ്ങള്‍. ഈ കത്ത് എന്റെ ഹൃദയത്തില്‍ നിന്നും അങ്ങേയ്ക്കുള്ള സ്‌നേഹോപഹാരമാണ്.’ കത്തില്‍ അനീഷ അഷ്‌റഫ് കുറിച്ചു.

أحدث أقدم