
ചെങ്കോട്ട സ്ഫോടനത്തിലെ പ്രതികള്‍ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ കാർ കണ്ടെത്തി. ചുവന്ന എക്കോ സ്പോർട്ട് കാറാണ് കണ്ടെത്തിയത്. ഫരീദാബാദ് പൊലീസാണ് വാഹനം പിടികൂടിയത്. DL 10 CK 0458 എന്ന നമ്പർ കാറാണ് പൊലീസ് കണ്ടെത്തിയത്. ഖണ്ഡവാലി ഗ്രാമത്തിൽ പാർക്ക് ചെയ്തിരുന്ന നിലയിലായിരുന്നു കാർ. അതേസമയം, സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ ദില്ലി നഗരത്തിൽ ഉടനീളം ജാഗ്രത നിർദ്ദേശം നല്‍കിയിരിക്കുകയാണ് പൊലീസ്. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറിന് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് പൊലീസിന്‍റെ കണ്ടെത്തല്‍. വ്യാജ വിലാസത്തിലാണ് ഈ കാർ രജിസ്റ്റർ ചെയ്തിരുന്നത്. രണ്ടാമത്തെ കാർ രജിസ്റ്റർ ചെയ്തിരുന്നത് ദില്ലി ന്യൂ സീലംപൂരിലെ ഒരു വിലാസത്തിലാണ്. പൊലീസ് ഇവിടെയെത്തി പരിശോധന നടത്തി. വ്യാജ രേഖകൾ നൽകി വാഹനം രജിസ്റ്റർ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. രേഖകൾ പ്രകാരം ഡോക്ടർ ഉമർ നബി എന്നയാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്