ജില്ലാ പഞ്ചായത്ത് അംഗം റെജി എം ഫിലിപ്പോസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം
പ്രിയപ്പെട്ട സഹപ്രവർത്തകരെ, സുഹൃത്തുക്കളെ,
വീണ്ടും ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൂടി സമാഗതമായിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ എന്നിൽ അർപ്പിച്ച സ്നേഹവിശ്വാസങ്ങൾക്ക് ഞാൻ നന്ദി രേഖപ്പെടുത്തുന്നു. ഇത്തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മാസങ്ങൾക്കു മുമ്പേ ഞാൻ ചാണ്ടി ഉമ്മൻ എംഎൽഎയോടും പാർട്ടി നേതൃത്വത്തോടും ഒരു കാര്യം അഭ്യർത്ഥിച്ചിരുന്നു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മണർകാട് ഡിവിഷൻ ജനറൽ ആവുകയും പ്രസിഡൻ്റ് സ്ഥാനം ജനറൽ ആവുകയും ആണെങ്കിൽ എനിക്ക് ഒരു സീറ്റ് തരണമെന്നും പ്രസിഡൻ്റ് പദവിയിൽ ഇരിക്കുവാൻ ഒരവസരം തരണമെന്നും പറഞ്ഞിരുന്നു. അപ്പോൾ എംഎൽഎ പറഞ്ഞു തീർച്ചയായും പരിഗണിക്കുമെന്നും ധൈര്യമായിരുന്നോളൂ എന്നും. ആയതനുസരിച്ച് ഞാൻ എൻ്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി. അധികാര ഭ്രമം കൊണ്ടാണ് ഞാൻ അങ്ങനെ ഒരു കാര്യം ആവശ്യപ്പെട്ടതെന്ന് നിങ്ങൾ വിചാരിക്കരുത്. 1989 മുതൽ വെള്ളൂർ ടെക്നിക്കൽ സ്കൂളിലെ കെ.എസ്. യു. പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ എനിക്ക്, ബ്ലോക്ക് പഞ്ചായത്ത് ഭരണം കിട്ടിയാൽ, ജീവിതത്തിൽ ആദ്യമായി ഒരു പ്രസിഡന്റ് സ്ഥാനം ലഭിക്കുമല്ലോ എന്ന പ്രതീക്ഷയായിരുന്നു അത്. നിങ്ങൾക്കറിയാമല്ലോ എന്റെ രാഷ്ട്രീയ ജീവിതം ഒരു തുറന്ന പുസ്തകമാണ് ഏതൊരു പൊതുപ്രവർത്തകനും നേരിടേണ്ടി വരുന്ന ചെറിയ ചെറിയ കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും ഒക്കെ സ്വാഭാവികമായും വന്നിട്ടുണ്ടാകാം, പക്ഷേ ഈ നാടിനുവേണ്ടി ഈ നാട്ടിലെ ജനങ്ങൾക്ക് വേണ്ടി എന്നാൽ കഴിയാവുന്നവിധം പരമാവധി പ്രയത്നിക്കുവാൻ കഴിഞ്ഞ കാലങ്ങളിൽ ഞാൻ ശ്രമിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെയാണ് ഞാൻ വീണ്ടും ഒരു അവസരം ചോദിച്ചത്.
ഞാൻ പല കാലഘട്ടങ്ങളിലായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജില്ലാ പഞ്ചായത്ത് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 53 വർഷം പുതുപ്പള്ളിയിലെ ജനങ്ങൾ നെഞ്ചോട് ചേർത്ത് വെച്ച.... ഞാൻ മനസ്സിൽ ഇപ്പോഴും ദൈവങ്ങൾക്ക് ഒപ്പം ചേർത്ത് പിടിച്ചിരിക്കുന്ന ഉമ്മൻചാണ്ടി സാറാണ് എനിക്ക് ഈ പദവികളെല്ലാം തന്നത് ആ എന്നോട് തന്നെയാണ് എം. എൽ. എ. ആവശ്യപ്പെടുന്നത് മൂന്ന് തവണയായില്ലേ ഇനി വിശ്രമിക്കൂ എന്ന്. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്ന 1995 മുതൽ ഇങ്ങോട്ടുള്ള എല്ലാതെരഞ്ഞെടുപ്പുകളിലും മാറി മാറി മത്സരിച്ചവർ നമ്മുടെ പാർട്ടിയിലും നമ്മുടെ പഞ്ചായത്തിലും ഉണ്ടല്ലോ. അങ്ങനെ ഉള്ളവർ ഇ തെരഞ്ഞെടുപ്പിലും സ്ഥാനാർഥികളും ആണല്ലോ. ( 25 ഉം 30 ഉം വർഷം ഒക്കെ മെമ്പർ ആയി ഇരുന്നവർ ) അവർക്കൊന്നും ഇല്ലാത്ത ഭ്രഷ്ട്ട് എളിയവനായ എന്നോട് കല്പിക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് മനസിലാകുന്നില്ല. രാഷ്ട്രീയം ഒരു ജീവനോപാധി അല്ല എന്നുള്ള ഉത്തമവിശ്വാസം എനിക്കുണ്ട് പക്ഷേ പൂർണ്ണസമയ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരാളെന്ന നിലയിൽ പൊതുരംഗത്ത് നിലനിൽക്കണമെങ്കിൽ ജനപ്രതിനിധിയാവുക എന്നത് ഒരു അനിവാര്യതയാണല്ലോ ഈ നാടിനുവേണ്ടി ഈ നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഒരു ചെറുവിരലെങ്കിലും അനക്കണമെങ്കിൽ അത് ആവശ്യവുമാണ്. ആയതിനാലാണ് ഞാൻ വീണ്ടും ഒരു അവസരം ചോദിച്ചത്. എല്ലാവർക്കും അറിയാമല്ലോ 1989-90 കാലഘട്ടത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നപ്പോഴാണ് ഞാൻ കെ.എസ്. യു പ്രവർത്തനം ആരംഭിച്ചത്. അന്ന് മുതൽ ഇന്നുവരെ ആ നീല പതാകയെയും മൂവർണ്ണക്കൊടിയെയും നെഞ്ചോട് ചേർത്ത് പിടിച്ചവനാണ് ഞാൻ. പോലീസിൻ്റെ ലാത്തിയെയും ചോര കൊതിയൻമാരുടെ കഠാര മുനയെയും അതിജീവിച്ച്, ക്രൂര മർദ്ദനങ്ങൾക്ക് ഇരയായി ഇന്നും നിലകൊള്ളുന്നവനുമാണ് ഞാൻ. പാമ്പാടി ടെക്നിക്കൽ സ്കൂളിലെയും മണർകാട് സെന്റ് മേരീസ് കോളേജിലെയും മഹാത്മാഗാന്ധി സർവ്വകലാശാല ക്യാമ്പസിലെയും ഓരോ മണൽത്തരികൾക്കും..... കോട്ടയം കളക്ടറേറ്റ് കവാടത്തിന്റെയും ഗാന്ധി സ്ക്വയറിൻ്റെയും തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിലെ സമരഗേറ്റിനും നിരവധി സമരപ്പന്തലുകൾക്കും ഒക്കെ പറയുവാൻ ഉണ്ടാവും "എൻ്റെ പോരാട്ടങ്ങളുടെ ഒരുപിടി ഓർമ്മകൾ". രാഷ്ട്രീയ എതിരാളികളുടെ വലംകൈ കൊണ്ടുള്ള ഓരോ പ്രഹരവും എന്റെ ഇടത്തെ ചെവിക്കല്ലിൽ ആഞ്ഞാഞ്ഞ് പതിച്ചപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല. ക്രമേണ എന്റെ ഇടത് ചെവിയുടെ കേൾവി ശക്തി നഷ്ടപ്പെടുമെന്ന്. ഞാൻ അത് ഇപ്പോൾ തിരിച്ചറിയുന്നു. എന്റെ ഇടത് ചെവിയുടെ കേൾവി പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. ഒന്ന് പറഞ്ഞാൽ ഞാനും ഒരു ജീവിക്കുന്ന രക്തസാക്ഷിയാണ്. ഇതൊക്കെ അനുഭവിച്ചത് ഞാൻ എന്റെ കുടുംബത്തിലേയ്ക്കു ഒന്നും സമ്പാദിക്കുവാനല്ല. ഈ പ്രസ്ഥാനത്തിനു വേണ്ടിയാണ്. കഴിഞ്ഞ രണ്ടു വർഷമായി ചണ്ടി ഉമ്മൻ എംഎൽഎയെ ഉള്ളം കൈയ്യിൽ കൊണ്ട് നടന്ന, ചങ്കും കരളുമായി നടന്ന പ്രിയപ്പെട്ട എം.എൽ.എ. എനിക്കൊരു അവസരം വന്നപ്പോൾ പുറംകാലുകൊണ്ട് എന്നെ തൊഴിച്ചെറിഞ്ഞത് ഒരിക്കലും സഹിക്കുവാനും, മറക്കുവാനും കഴിയുന്നതല്ല.
എനിക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു.
എന്തിൻ്റെ കാരണത്താലാണ് എന്നെ ഒഴിവാക്കിയത് എന്ന് അദ്ദേഹം വ്യക്തമാക്കണം. യൂത്തിന് വേണ്ടിയാണെന്ന് പറയാനാണെങ്കിൽ എത്രയോ യൂത്ത് കോൺഗ്രസിൻ്റെ പ്രവർത്തകർക്ക് സീറ്റ് നിഷേധിക്കപ്പെട്ടിട്ടുണ്ട്. എനിക്ക് 48 വയസ്സേ ആയിട്ടുള്ളൂ.
ഞങ്ങളെ പോലുള്ള ആളുകൾ ഇനി കാശിക്ക് പോകണം എന്നാണ് അദ്ദേഹത്തിന്റെ തീരുമാനമെങ്കിൽ, ഞങ്ങളൊക്കെ ഇവിടെ തുടരുക തന്നെ ചെയ്യും.
ഈ നാടിനുവേണ്ടി
ഈ നാട്ടിലെ ജനങ്ങൾക്ക് വേണ്ടി
പാവപ്പെട്ടവർക്ക് വേണ്ടി
സാധാരണക്കാർക്ക് വേണ്ടി
ആശ്രയമില്ലാത്തവർക്ക് വേണ്ടി
ആലംബഹീനർക്ക് വേണ്ടി
അശരണർക്ക് വേണ്ടി
ആബാലവൃദ്ധം ജനങ്ങൾക്ക് വേണ്ടി
ഈ ശബ്ദം ഇനിയും ഉയർന്നു കൊണ്ടേയിരിക്കും.
ചാണ്ടി ഉമ്മനു വേണ്ടി അടിമകളായി പ്രവർത്തിക്കുന്ന വരിയുടയ്ക്കപ്പെട്ട യുവതയ്ക്ക് നല്ല ബുദ്ധി തോന്നുവാൻ ജഗദീശ്വരൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഹൃദയവേദനയോടെ...
റെജി എം ഫിലിപ്പോസ്