
തിരുവനന്തപുരം: പ്രസവിച്ച് മൂന്നാം ദിവസം യുവതി മരിച്ച സംഭവത്തില്‍ എസ്എടി ആശുപത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ശിവപ്രിയയുടെ ഭര്‍ത്താവ് മനു. പനി ബാധിച്ച് ശിവപ്രിയയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മോശമായി പെരുമാറിയെന്നാണ് മനു പറയുന്നത്. സ്റ്റിച്ച് പൊട്ടിയതിന് ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടോയെന്ന് തന്നോട് ചോദിച്ചു. ആശുപത്രി ജീവനക്കാര്‍ തൻ്റെ മാതാവിനോടും മോശമായി പെരുമാറിയെന്നും അദ്ദേഹം ആരോപിച്ചു.
പ്രസവാനന്തരം കഴിഞ്ഞ 24-ന് ഡിസ്ചാര്‍ജ് ചെയ്ത ശിവപ്രിയയെ പനിയും ദേഹാസ്വാസ്ഥ്യത്തെയും തുടര്‍ന്ന് എസ്എടിയില്‍ 26-ന് വീണ്ടും അഡ്മിറ്റ് ചെയ്തിരുന്നു. പരിശോധനയില്‍ ശിവപ്രിയയ്ക്ക് അണുബാധ സ്ഥിരീകരിച്ചു. എന്നാല്‍ അണുബാധ സംഭവിച്ചതില്‍ തുടക്കം മുതല്‍ തങ്ങളെ കുറ്റപ്പെടുത്താനാണ് ഡോക്ടര്‍മാര്‍ ശ്രമിച്ചതെന്നും മനു പറഞ്ഞു. ആശുപത്രി വിട്ടപ്പോള്‍ ശിവപ്രിയയ്ക്ക് പനിയുണ്ടായിരുന്നെന്നും അദ്ദേഹം ആവര്‍ത്തിച്ചു.