…

വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥനെ വളര്‍ത്തുനായ കടിച്ചു. കെഎസ്ഇബി തിരുവല്ല കല്ലിശ്ശേരി സെഷന്‍ പരിധിയിലെ ആര്‍ രഞ്ജിത്തിനാണ് കടിയേറ്റത്. സംഭവത്തില്‍ പ്രതികാര നടപടിയായി ഫ്യൂസ് വിച്ഛേദിക്കുന്നതിന് പകരം കെഎസ്ഇബി പോസ്റ്റില്‍ നിന്ന് സര്‍വീസ് കണക്ഷന്‍ കട്ട് ചെയ്‌തെന്ന് കുടുംബം ആരോപിക്കുന്നു.
വീട്ടില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ രഞ്ജിത്ത് വളര്‍ത്തുനായയെ കണ്ടപ്പോള്‍ പേടിച്ചിരുന്നു. ഉടന്‍ ഉദ്യോഗസ്ഥന്‍ പ്ലെയര്‍ കൊണ്ട് നായയുടെ തലയ്ക്ക് അടിച്ചു. പിന്നാലെയാണ് നായ കടിച്ചത്. എന്നാല്‍ വളര്‍ത്തു നായയെ അഴിച്ചുവിട്ട് കടിപ്പിച്ചുവെന്നാണ് രഞ്ജിത്ത് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ജീവനക്കാര്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ എത്തുമ്പോള്‍ വീട്ടില്‍ ആരും ഇല്ലായിരുന്നു എന്നാണ് കുടുംബം പറയുന്നത്.
‘ഉദ്യോഗസ്ഥന്‍ അടിച്ചപ്പോള്‍ നായയുടെ തലയ്ക്ക് മുറിവേറ്റു. തൊലി ഇളകിപ്പോയിട്ടുണ്ട്. ഇന്നലെ രാവിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് പറഞ്ഞ് കെഎസ്ഇബിയില്‍ നിന്ന് ഫോണ്‍ കോള്‍ വന്നിരുന്നു. ഞങ്ങള്‍ അത് സമ്മതിക്കുകയും ചെയ്തു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ച് പരാതി ലഭിച്ചെന്ന് പറയുമ്പോഴാണ് സംഭവം അറിയുന്നത് എന്നും കുടുംബം പറയുന്നു.
ഒരാഴ്ചയായി വീട്ടില്‍ ആളില്ലെന്നും കുടുംബം പറഞ്ഞു. രഞ്ത്തിനെ വ്യക്തിപരമായി അറിയില്ലെന്നും വാര്‍ത്തയിലൂടെയാണ് അറിയുന്നതെന്നും കുടുംബം പറഞ്ഞു. ആദ്യം ഫ്യൂസ് ഊരിപ്പോയെന്നും എന്നാല്‍ പട്ടി കടിച്ചതിന് പിന്നാലെ തിരിച്ച് വന്ന് സര്‍വീസ് കണക്ഷന്‍ കട്ട് ചെയ്യുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. അങ്ങനെ ചെയ്തത് എന്തിനാണെന്ന് അറിയില്ല. നാല് മണിയായപ്പോഴേക്കും കരണ്ട് ബില്ല് അടച്ച് കെഎസ്ഇബിയില്‍ വിളിച്ചപ്പോള്‍ ഇത് ഞങ്ങളുടെ കയ്യില്‍ നില്‍ക്കത്തില്ലെന്നാണ് പറഞ്ഞത് . പല ആളുകളെ കൊണ്ട് വിളിച്ച് പറയിപ്പിച്ചിട്ടും ഇന്ന് കരണ്ട് കൊടുക്കില്ലെന്നാണ് പറഞ്ഞതെന്നും കുടുംബം പറഞ്ഞു.