
കൊലപാതക കേസുകളിലടക്കം നിർണായകമായ തുമ്പുകൾ കണ്ടെത്തി നിരവധി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസിനെ സഹായിച്ച, കോടതിയുടെ പ്രത്യേക പ്രശംസ ഏറ്റുവാങ്ങിയ പൊലീസ് നായ ജെറി ഇനി ഓർമ്മ. 2015-ൽ ട്രാക്കർ ഡോഗായി വെഞ്ഞാറമൂട് ഡോഗ് സ്ക്വാഡിൽ സേവനം ആരംഭിച്ച ലാബ്രഡോർ ഇനത്തിൽപ്പെട്ട ജെറി, 30 ഗുഡ് സർവീസ് എൻട്രികളും ഡിജിപിയുടെ മൂന്ന് എക്സലൻസ് പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം റൂറൽ പൊലീസ് ശ്വാനസേന വിഭാഗത്തിലെ അഭിമാനമായിരുന്നു ജെറി. 2023-ൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം ജെറി തന്റെ പരിശീലകനായ വിഷ്ണു ശങ്കറിനൊപ്പം വിശ്രമജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം അർബുദബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
സാധാരണയായി വിരമിക്കുന്ന പൊലീസ് നായകളെ തൃശൂരിലെ ‘വിശ്രാന്തി’ എന്ന വിശ്രമകേന്ദ്രത്തിലേക്കാണ് അയയ്ക്കാറുള്ളത്. എന്നാൽ, ജെറിയെ ജനിച്ച് മൂന്നാം മാസം മുതൽ പരിചരിച്ച വിഷ്ണു ശങ്കറിന്, വിശ്രമജീവിതത്തിലും അവനെ ഒപ്പം കൂട്ടാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു. പൊലീസ് സേന ഇതിന് അനുമതി നൽകിയതോടെ, ജെറി തൻ്റെ സഹപ്രവർത്തകനൊപ്പം തന്നെ തുടർന്നു. കുറ്റവാളികളെ കണ്ടെത്താൻ, ഒപ്പമുള്ള പൊലീസുകാരുടെ മനോനില അറിഞ്ഞ് പ്രവർത്തിക്കാനുള്ള ജെറിയുടെ കഴിവ് വളരെ ശ്രദ്ധേയമായിരുന്നുവെന്ന് പരിശീലകർ പറയുന്നു.