‘കൗതുകം ലേശം കൂടുതലാണ്.. ടേക്ക് ഓഫിന് തൊട്ടുമുൻപ് വിമാനത്തിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം, യാത്രക്കാരനെ...




വാരണാസിയിൽ നിന്ന് മുംബൈയിലേക്ക് പോയ ആകാശ എയർ വിമാനത്തിലെ യാത്രക്കാരൻ ടേക്ക് ഓഫിന് ഒരുങ്ങവെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചു. തുടർന്ന് യുവാവിനെ അധികൃതർ കസ്റ്റഡിയിലെടുത്തു. ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച വൈകുന്നേരം 6:45 ന് മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ക്യുപി 1497 വിമാനത്തിലാണ് സംഭവം.
ജൗൻപൂർ ജില്ലയിലെ ഗൗര ബാദ്ഷാപൂർ നിവാസിയായ സുജിത് സിംഗാണ് അപകടകരമായ സാഹസികത കാണിച്ചത്.

വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ് എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കാബിൻ ക്രൂ നൽകിയ മുന്നറിയിപ്പിനെ തുടർന്ന്, പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ വിവരം അറിയിക്കുകയും വിമാനം തിരികെ ബേയിലേക്ക് കൊണ്ടുവരികയും ചെയ്തു.

സുരക്ഷാ ഉദ്യോഗസ്ഥർ എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്ന് ഇറക്കി ചോദ്യം ചെയ്യുന്നതിനായി സിംഗിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് കൂട്ടിച്ചേർത്തു. കൗതുകം കൊണ്ടാണ് എക്സിറ്റ് തുറക്കാൻ ശ്രമിച്ചതെന്ന് യാത്രക്കാരൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സുജിത് സിംഗിനെതിരെ കേസെടുത്തിട്ടുണ്ട്. സുരക്ഷാ പരിശോധനകൾക്ക് ശേഷം വിമാനം ഏകദേശം 7:45 ന് മുംബൈയിലേക്ക് പുറപ്പെട്ടു.


أحدث أقدم