
കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കയറിയിറങ്ങി ഇരുചക്ര വാഹന യാത്രക്കാരിയായ വിദ്യാർത്ഥിനിയുടെ കൈയറ്റു. വെഞ്ഞാറമ്മൂടാണ് അപകടം. നാഗരുകുഴി സ്വദേശി ഫാത്തിമ (19)യുടെ കൈയാണ് അറ്റുപോയത്. വെഞ്ഞാറമ്മൂട് പുത്തൻപാലം മാർക്കറ്റ് ജങ്ഷനു സമീപം വൈകീട്ട് 5.30ഓടെയാണ് അപകടം.
ഫാത്തിമയും കുറ്റിമൂട് സ്വദേശിയായ സഹപാഠി ഷബാന (19)യും പഠനം കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതേ ദിശയിൽ നിന്നു പിന്നിലൂടെ എത്തിയ സ്വിഫ്റ്റ് ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുചക്ര വാഹനത്തിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറിഞ്ഞ് വാഹനത്തിനു പിന്നിലിരുന്ന ഫാത്തിമ തെറിച്ചു വീഴുകയും കൈയിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു.
ഉടൻ തന്നെ ഇരുവരേയും നാട്ടുകാർ ചേർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാത്തിമയുടെ കൈ തുന്നിച്ചേർക്കുന്നതിനായി സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഷബാനയും ഫാത്തിമയും വെഞ്ഞാറമ്മൂടിലെ സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിലെ എംഎൽടി വിദ്യാർത്ഥിനികളാണ്.