മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടെന്നും പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കിയെന്നുമാണ് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ. ടി കെ പ്രേമലതയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
ചികിത്സാവീഴ്ചയാണ് ചവറ പന്മന മനയില്‍ പൂജാ ഭവനില്‍ കെ വേണുവിന്റെ മരണത്തിനു കാരണമെന്ന കുടുംബത്തിന്റെ ആരോപണത്തെത്തുടര്‍ന്നാണ് അന്വേഷണം. വേണുവിന്റെ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നും, കേസ് ഷീറ്റില്‍ അപാകതകളില്ലെന്നുമാണ് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. ചികിത്സാ വീഴ്ചയില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരും മൊഴി നല്‍കിയിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് നാളെ ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കും.
ഡിഎംഇയുടെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പ് തുടര്‍ നടപടികളിലേക്ക് കടക്കുക. അതേസമയം അന്വേഷണ സംഘം കുടുംബത്തെ ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയില്ലെന്ന് വേണുവിന്റെ ഭാര്യ സിന്ധു പറഞ്ഞു. മരിച്ച വേണുവിന്റെ കൂടുതല്‍ ശബ്ദസന്ദേശം ഇന്നലെ പുറത്ത് വന്നിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതരമായ പരാതിയാണ് സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തില്‍ വേണു ഉന്നയിക്കുന്നത്.