മൂന്ന് ദിവസം നീണ്ട തിരച്ചിൽ, ഒടുവിൽ പൊലീസ് ജീപ്പിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിലായി


വയനാട് കല്ലൂരിൽ വ്യവസാസിയെ ആക്രമിച്ച് കാര്‍ തട്ടിയെടുത്ത കേസിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ. തൃശ്ശൂര്‍ സ്വദേശി സുഹാസിനെയാണ് സുൽത്താൻ ബത്തേരി പൊലീസ് പിടികൂടിയത്. ഇതിന് പുറമെ ആക്രമണം നടത്തിയ മറ്റ് അഞ്ച് പേരെയും പൊലീസ് പിടികൂടി. പ്രതികൾ സ്ഥിരമായി കവര്‍ച്ച നടത്തുന്ന ആളുകളാണെന്ന് പൊലീസ് പറഞ്ഞു

കല്ലൂരിൽ വച്ച് വ്യവസായിയായ സന്തോഷ് കുമാറിനെയും ഡ്രൈവറെയും ആക്രമിച്ച് വാഹനം തട്ടിയെടുത്ത കേസിൽ മൂന്ന് ദിവസം മുൻപാണ് തൃശ്ശൂര്‍ സ്വദേശിയായ സുഹാസിനെ ബത്തേരി പൊലീസ് പിടികൂടിയത്. തൃശ്ശൂരിൽ നിന്നും വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ കോഴിക്കോട് കോവൂരിൽ വച്ച് പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. തൃശ്ശൂരിലെ ഒളിത്താവളത്തിൽ പ്രതി ഉണ്ടെന്ന രഹസ്യവിവരത്തിൽ ബത്തേരി പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടുന്നത്. വ്യവസായിയെ ആക്രമിച്ച കേസിൽ ഉൾപ്പെട്ട തൃശൂർ എടക്കുനി സ്വദേശി നിഷാന്ത്, പത്തനംതിട്ട സ്വദേശികളായ സിബിൻ, ജോജി, സതീഷ് കുമാർ, വയനാട് പുൽപ്പള്ളി സ്വദേശി സുബീഷ് എന്നിവരെയും പൊലീസ് പിടികൂടി. സംഭവത്തിന് തൊട്ടുപിന്നാലെ പ്രതികളെ സഹായിച്ച പാടിച്ചിറ സ്വദേശി രാജനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നാണ് പ്രതികളെ സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

ഹൈവേയിൽ യാത്ര ചെയ്യുന്ന വാഹനങ്ങൾ തടഞ്ഞ് പണവും സ്വർണവുമടക്കം മോഷ്ടിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് കണ്ടെത്തി. കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്. സുൽത്താൻ ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുൾ ഷരീഫിന്റെ നേതൃത്വത്തിൽ നാല് സംഘമായി തിരിഞ്ഞാണ് അന്വേഷണം

Previous Post Next Post