രാഷ്ട്രീയത്തിലെ കുടുംബവാഴ്‌ച അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു’..


രാഷ്ട്രീയത്തിലെ കുടുംബവാഴ്‌ച ജനാധിപത്യത്തിന് വെല്ലുവിളിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എംപിയുമായ ശശി തരൂർ. കുടുംബമഹിമയ്ക്കല്ല, മറിച്ച് കഴിവിനായിരിക്കണം ജനാധിപത്യത്തിൽ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. കുടുംബ മഹിമ അടിസ്ഥാനമാക്കി അധികാരം നിർണയിക്കുമ്പോൾ ഭരണത്തിൻ്റെ ഗുണനിലവാരം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പ്രോജക്ട് സിൻ്റിക്കേറ്റിൽ ഒക്ടോബർ 31 ന് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയ്ക്ക് എതിരെ ആഞ്ഞടിച്ചത്. ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ് എന്ന തലക്കെട്ടിലാണ് ലേഖനം പുറത്തുവന്നത്. കോൺഗ്രസിൽ നെഹ്റു-ഗാന്ധി കുടുംബമെന്ന പോലെ രാഷ്ട്രീയ രംഗത്താകെ ഈ കുടുംബവാഴ്ച നിലനിൽക്കുന്നുണ്ട് എന്ന് അദ്ദേഹം ലേഖനത്തിൽ പറയുന്നു. രാഷ്ട്രീയ അധികാരം നിയന്ത്രിക്കുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക ശക്തിയും വേണ്ടുവോളമുണ്ടെന്നും ഇത് അധികാരത്തിലിരുന്ന് സമാഹരിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

രാഷ്ട്രീയ കുടുംബങ്ങളിലെ അംഗങ്ങൾ സാധാരണക്കാർ നേരിടുന്ന വെല്ലുവിളികൾ നേരിടുന്നവരല്ല. അതിനാൽ തന്നെ അവർക്ക് തങ്ങൾ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിലെ ആവശ്യങ്ങളോട് ഫലപ്രദമായി പ്രതികരിക്കാൻ സാധിക്കാറില്ല. എങ്കിലും അവരുടെ മോശം പ്രവർത്തനം വേണ്ട വിധം വിലയിരുത്തപ്പെടാറില്ലെന്നും ശശി തരൂർ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.


أحدث أقدم