
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡൻറും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയതിൽ പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത. തിരുവനന്തപുരം എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊല്ലത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികൾക്ക് വെക്കണമെന്ന് ബിഎൻഎസ് നിയമത്തിൽ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ നടപടിയാണിതെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകി. നടപടിയിൽ ഡിജിപിക്കും അതൃപ്തിയുണ്ട്. പ്രതിയുടെ പ്രായം, ഏതൊക്കെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയാണ് കൈവിലങ്ങ് വെക്കേണ്ടത് തുടങ്ങിയ നിയമകാര്യങ്ങളൊന്നും പരിഗണിക്കാതെ കൈവിലങ്ങ് വെച്ചത് സർക്കാരിനും അവമതിപ്പുണ്ടാക്കിയെന്നാണ് പറയുന്നത്. എസ്ഐടി ഉദ്യോഗസ്ഥരും അറിയാതെയാണ് ഇത് നടന്നതെന്നും എആർ ക്യാമ്പിലെ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സൂചന.