പുക അറിയിപ്പിനെ തുടർന്ന് തിരിച്ചിറക്കി എയർ ഇന്ത്യ വിമാനം…ആശങ്കയുടെ നിമിഷങ്ങൾക്കൊടുവിൽ ട്വിസ്റ്റ്…





ന്യൂഡൽഹി: ദൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയ എയർ ഇന്ത്യ വിമാനത്തിലെ പുക മുന്നറിയിപ്പ് തെറ്റായിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായി. ദൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയ എഐ 2939 വിമാനത്തിലാണ് സംഭവം. വിമാനത്തിലെ കാർഗോ ഭാഗത്ത് നിന്നാണ് പുക അലാറം മുഴങ്ങിയത്. ദൽഹി വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഈ പുക മുന്നറിയിപ്പ് തെറ്റായിരുന്നുവെന്ന് കണ്ടെത്തി.

ദൽഹിയിൽ നിന്ന് 170 യാത്രക്കാരുമായാണ് എയർബസ് എ320 എയർക്രാഫ്റ്റായ എഐ 2939 വിമാനം പറന്നുയർന്നത്. പിന്നാലെയാണ് പുക അറിയിപ്പ് ലഭിച്ചത്. ഉടൻ തന്നെ സുരക്ഷയുറപ്പാക്കാൻ വിമാനം ദൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും തിരിച്ചിറക്കി. വിമാനത്താവളത്തിലെ സാങ്കേതിക വിദഗ്‌ധരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. തുടർന്നാണ് പുക അറിയിപ്പ് തെറ്റായിരുന്നുവെന്ന വിശദീകരണം പുറത്തുവന്നത്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി.
أحدث أقدم