
കൊച്ചി: കൊച്ചിയിൽ വെച്ച് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു. സംശയാസ്പദമായി ഒന്നുമില്ലെന്നും അതിനാലാണ് വിശദമായ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതെന്നും എറണാകുളം സൗത്ത് റെയിൽവെ പൊലീസ് അറിയിച്ചു.
പൊലീസ് സ്റ്റേഷനിൽ നിന്ന് അഡ്വ. ബിഎ ആളൂരിന്‍റെ ഓഫീസിലേക്കാണ് ബണ്ടി ചോര്‍ പോയത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ബണ്ടി ചോറിനെ ഇന്ന് വൈകിട്ടോടെയാണ് വിട്ടയച്ചത്. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകൻ ആളൂരിനെ കാണാനാണ് കൊച്ചിയില്‍ എത്തിയതെന്നാണ് കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ പൊലീസിനോട് പറഞ്ഞത്. ആളൂർ അന്തരിച്ച വിവരം എറണാകുളത്ത് എത്തിയതിന് ശേഷമാണ് അറിഞ്ഞതെന്നാണ് ബണ്ടി ചോർ പറഞ്ഞത്. ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ച് റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്നു എന്നും ദേവേന്ദർ സിംഗ് എന്ന ബണ്ടി ചോർ പറഞ്ഞു.