കോട്ടയം : മാണിക്കുന്നത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ മകനൊപ്പം കസ്റ്റഡിലായ മുന്‍ നഗരസഭാ കൗണ്‍സിലര്‍ വി.കെ അനില്‍ കുമാര്‍ (ടിറ്റോ) കൊലപാതക കേസില്‍ പ്രതിയല്ലെന്ന് കോട്ടയം വെസ്റ്റ് പോലീസ്.
ഇന്ന് പുലർച്ചെ രണ്ടരയോടുകൂടിയാണ് അനിൽകുമാറിന്റെ മാണിക്കുന്നത്തെ വീടിന് മുൻപിൽ കൊലപാതകം നടക്കുന്നത്. അനിൽ കുമാറിന്റെ മകന്‍ അഭിജിത്തും കൊല്ലപ്പെട്ട പുതുപ്പള്ളി സ്വദേശിയായ ആദര്‍ശും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നതും അഭിജിത്ത് ആദർശിനെ കുത്തുന്നതും പ്രതിയുടെ വീട്ടിലെ സി.സി.ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഇതിനു ശേഷമാണ് അനില്‍കുമാറും ഭാര്യയും എത്തി മകനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നത്.
മരണം ഉറപ്പായപ്പോൾ മൃതദേഹം തൊട്ടടുത്ത കുളത്തിൽ തള്ളാനുള്ള ശ്രമവും നടന്നിട്ടുണ്ട്, ഈ സംഭവത്തിൽ അനിൽകുമാറിന് പങ്കുണ്ടോ എന്ന് കാര്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.
വാഹനം പണയം വെച്ചതുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. ഇവിടെ നിന്ന് കുത്താൻ ഉപയോഗിച്ച കത്തിയടക്കം കണ്ടെത്തിയിട്ടുണ്ട്.