
കോഴിക്കോട് തേങ്ങ സംഭരിച്ചിരുന്ന കെട്ടിടത്തിൽ തീപിടിത്തം. കോഴിക്കോട് നാദാപുരം വാണിമേലിലാണ് സംഭവം. വാണിമേൽ പഞ്ചായത്തിലെ അയ്യങ്കിയിൽ താമസിക്കുന്ന എൻ.എസ് നിഷാദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള തേങ്ങാക്കൂടയ്ക്ക് ആണ് തീപിടിച്ചത്. അപകടത്തിൽ വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. കെട്ടിടം പൂർണ്ണമായും കത്തി നശിക്കുകയും മൂവായിരത്തിലധികം തേങ്ങകൾ കത്തിയമരുകയും ചെയ്തു.
ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് തീപിടിമുണ്ടായത്. നാട്ടുകാർ ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നാദാപുരത്ത് നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സംഘമെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. സീനിയർ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ എം.വി ഷാജിയുടെ നേതൃത്വത്തിൽ ഫയർ ആന്റ് റസ്‌ക്യൂ ഓഫീസർമാരായ സ്വപ്‌നേഷ്, ഷാഗിൽ, സുദീപ്, ദിൽറാസ്, സന്തോഷ്, അഭിനന്ദ്, അഖിലേഷ് എന്നിവർ ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.