
ദുബായ് എയർഷോ 2025-ൽ ഇന്ത്യൻ എയർഫോഴ്‌സിന്റെ യുദ്ധവിമാനമായ തേജസ് തകർന്ന് വീരമൃത്യു വരിച്ച വിങ് കമാൻഡർ നമൻഷ് സ്യാലിന് ആദരവ് അർപ്പിക്കാനായാണ് പരിപാടി തുടർന്നതെന്ന് സംഘാടകർ വിശദീകരിച്ചു. തേജസ് അപകടത്തിൽപ്പെട്ടതിന് ശേഷവും എയർഷോ തുടർന്ന നടപടിയിൽ വിശദീകരണം നൽകുകയായിരുന്നു ദുബായ് എയർഷോ അധികൃതർ.
പൈലറ്റിന്റെ മരണശേഷം നടന്ന വ്യോമാഭ്യാസ പ്രകടനങ്ങൾ അദ്ദേഹത്തിൻ്റെ കഴിവിനും സേവനത്തിനും നൽകുന്ന ആദരസൂചകമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഷോയിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളിലെ അംഗങ്ങളുമായി സംസാരിച്ച ശേഷമാണ് ഈ തീരുമാനം എടുത്തതെന്നും അവർ കൂട്ടിച്ചേർത്തു.
സംഘാടകരുടെ ഈ തീരുമാനത്തിനെതിരെ അമേരിക്കൻ വ്യോമസേനയിലെ പൈലറ്റ് മേജർ ടെയ്ലർ ഫെമ ഹൈസ്റ്റർ രംഗത്തെത്തിയിരുന്നു. എയർഷോ തുടരാനുള്ള തീരുമാനം തന്നെ ഞെട്ടിച്ചുവെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇന്ത്യൻ പൈലറ്റിനോടും കുടുംബത്തോടുമുള്ള ആദരസൂചകമായി തൻ്റെ ടീം അവസാന പ്രകടനം റദ്ദാക്കിയതായും ഹൈസ്റ്റർ അറിയിച്ചു.
1500 മണിക്കൂറിലധികം പറക്കൽ പരിചയമുള്ള എഫ്-16 വൈപ്പർ ഡെമോൺസ്‌ട്രേഷൻ ടീം കമാൻഡറായ ഹൈസ്റ്റർ, തേജസ് വിമാനം തീപിടിച്ചപ്പോൾ അടുത്ത പ്രകടനത്തിനായി തയ്യാറെടുക്കുകയായിരുന്നു. ഈ സംഭവം തന്നെ അസ്വസ്ഥനാക്കിയെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ പൈലറ്റിൻ്റെ പോസ്റ്റ് വലിയ ചർച്ചയായതോടെയാണ് എയർഷോ അധികൃതർ വിശദീകരണവുമായി മുന്നോട്ട് വന്നത്.
“ഞങ്ങൾ ഈ ജോലി ചെയ്യുന്നതിനിടയിൽ, ഇത്തരം ഒരു അനുഭവം ഞങ്ങളുടെ ടീമിന് ആദ്യമായിരുന്നു,” ഹൈസ്റ്റർ തൻ്റെ കുറിപ്പിൽ പറഞ്ഞു. അപകടം നടന്ന സ്ഥലത്തിനടുത്ത് നിസ്സഹായരായി നിന്ന ഇന്ത്യൻ മെയിന്റനൻസ് ക്രൂവിനെയും, അവരുടെ വാഹനത്തിലെ പൈലറ്റിന്റെ സാധനങ്ങളെക്കുറിച്ചും അദ്ദേഹം ചിന്തിച്ചു.
തീ അണച്ചതിന് ശേഷവും ഷോ തുടരുമെന്ന് സംഘാടകർ അറിയിച്ചപ്പോൾ തൻ്റെ ടീം അവിടെ നിന്നും മാറി നിന്നു. ഒരു മണിക്കൂറിന് ശേഷം തിരികെ വന്നപ്പോൾ ആവേശത്തോടെ പ്രഖ്യാപനങ്ങളും ആളുകൾ ഷോ കാണുന്നതും കണ്ടപ്പോൾ താൻ നിരാശനായെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തിൽ മരവിച്ചുപോയ തേജസ് ടീമിനടുത്ത് കൂടി പോകുമ്പോൾ, വിമാനത്തിൽ കയറാൻ ഉപയോഗിച്ച ലാഡറും വാടക കാറിലെ പൈലറ്റിന്റെ സാധനങ്ങളും കണ്ടെന്നും ഹൈസ്റ്റർ ഓർത്തെടുത്തു. ഇത്, കോക്പിറ്റിൽ കയറുന്ന ഓരോ വൈമാനികൻ്റെയും ഉള്ളിലെ നിശ്ശബ്ദമായ ഭയമാണ് തന്നിലുണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനൗൺസർ അടുത്ത ഷോയെക്കുറിച്ച് ആവേശത്തോടെ പ്രഖ്യാപിച്ചപ്പോൾ തനിക്ക് കൂടുതൽ അസ്വസ്ഥത തോന്നിയെന്നും മേജർ ടെയ്ലർ ഫെമ ഹൈസ്റ്റർ തൻ്റെ പോസ്റ്റിൽ സൂചിപ്പിച്ചു.