ദേശീയ അവാർഡ് മമ്മൂട്ടിയെ അർഹിക്കുന്നില്ല; ഫയൽസിനും പൈൽസിനും അവാർഡ് കൊടുക്കുന്നത് എന്തിനെന്ന് നമുക്കറിയാം’….


ദേശീയ അവാർഡ് മമ്മൂട്ടി അർഹിക്കുന്നില്ലെന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമിതി ചെയർമാൻ പ്രകാശ് രാജ്. ദേശീയ പുര്‌സകാരങ്ങൾ കോംപ്രമൈസ് ചെയ്യപ്പെട്ടു കഴിഞ്ഞു. ഫയൽസിനും പൈൽസിനും അവാർഡ് കിട്ടുന്നത് എന്തുകൊണ്ടെന്ന് നമുക്കറിയാം. അങ്ങനൊരു ദേശീയ അവാർഡ് മമ്മൂട്ടിയെ അർഹിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഭ്രമയുഗത്തിലെ പ്രകടനത്തിലൂടെയാണ് മമ്മൂട്ടി എട്ടാമതും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയത്. ആസിഫ് അലിയേയും ടൊവിനോ തോമസിനേയും പിന്തള്ളിയാണ് മമ്മൂട്ടിയുടെ പുരസ്‌കാര നേട്ടം. എന്തുകൊണ്ടാണ് മമ്മൂട്ടി പുരസ്‌കാരത്തിന് അര്‍ഹനായതെന്നും പ്രകാശ് രാജ് പറയുന്നുണ്ട്.

”മമ്മൂക്ക മത്സരിച്ചത് യുവാക്കളോടാണ്. പക്ഷെ അദ്ദേഹത്തെ മുതിര്‍ന്ന നടനായും യുവാക്കളെ യുവനടന്മാരായുമല്ല ഞങ്ങള്‍ നോക്കിയത്. ഭ്രമയുഗത്തില്‍ സാന്നിധ്യം കൊണ്ട് മാത്രം അദ്ദേഹം കൊണ്ടുവന്ന സൂക്ഷ്മഭാവങ്ങള്‍ വളരെ ശക്തമായിരുന്നു. യുവാക്കള്‍ക്ക് അവിടേക്ക് എത്തേണ്ടതുണ്ട്. എങ്കിലും എആര്‍എമ്മിലെ ടൊവിനോയും നാല് സിനിമകളിലായുള്ള ആസിഫ് അലിയുടേയും ശ്രമം കാണാന്‍ സാധിക്കുന്നുണ്ട്. പക്ഷെ മമ്മൂട്ടിയുടെ പ്രകടനത്തിന്റെ തലം വളരെ ഉയര്‍ന്നതായിരുന്നു.

മമ്മൂക്ക അഭിനയിക്കുകയായിരുന്നില്ല. അദ്ദേഹത്തോട് എനിക്ക് അയൂസ തോന്നുന്നുണ്ട്. തന്റെ പ്രകടനത്തിലുള്ള അദ്ദേഹത്തിന്റെ നിയന്ത്രണം അപാരമാണ്. യുവാക്കള്‍ അദ്ദേഹത്തെ കണ്ടു പഠിക്കുകയും ആരാധിക്കുകയും ആ തലത്തിലേക്ക് എത്താന്‍ ശ്രമിക്കുകയും വേണം. ഇത് ചാരിറ്റിയല്ല, ഏറ്റവും മികച്ചവരെ തെരഞ്ഞെടുക്കാനുള്ള ശ്രമമാണ്.

ദേശീയ പുരസ്‌കാരങ്ങള്‍ കോംപ്രമൈസ് ചെയ്യപ്പെട്ടു കഴിഞ്ഞു. കേരളത്തിലെ ജൂറി ചെയര്‍മാനായി വിളിച്ചപ്പോള്‍ എനിക്ക് സന്തോഷം തോന്നി. എന്നെ വിളിച്ചപ്പോള്‍ പറഞ്ഞത് പുറത്തു നിന്നുമുള്ളൊരാള്‍ വേണമെന്നും നിങ്ങളുടെ തീരുമാനങ്ങളില്‍ ഞങ്ങള്‍ കൈ കടത്തില്ലെന്നുമാണ്. അത് ദേശീയ അവാര്‍ഡില്‍ നടക്കുന്നില്ല. ഫയല്‍സിനും പൈല്‍സിനും അവാര്‍ഡ് ലഭിക്കുമ്പോള്‍ നടക്കുന്നത് എന്തെന്ന് നമുക്കറിയാം. അതുപോലൊരു ജൂറിയും സര്‍ക്കാരുമാണെങ്കില്‍ അവര്‍ മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല”.

أحدث أقدم