തദ്ദേശ തിരഞ്ഞെടുപ്പിൽ മുനമ്പം ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കില്ലെന്ന് മുനമ്പം സമര സമിതി കൺവീനർ ജോസഫ് ബെന്നി. യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിക്കാനുള്ള തീരുമാനത്തിൽ നിന്നും ബെന്നി ജോസഫ് പിന്മാറി. വഖഫ് വിഷയത്തിൽ പരിഹാരമാകാത്ത സാഹചര്യത്തിൽ ആണ് പിന്മാറ്റം. വിഷയത്തിൽ തീരുമാനമുണ്ടാകാതെ ഒരു മുന്നണിയുടെ ഭാഗമായി മൽസരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് സമര സമിതിയിൽ അഭിയപ്രായം ഉയർന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിക്കാനുള്ള തീരുമാനത്തിൽ നിന്ന് ജോസഫ് ബെന്നി പിൻമാറിയത്. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് മുനമ്പം ഡിവിഷനിൽ നിന്ന് മുനമ്പം സമര സമിതി കൺവീനറെ മൽസരിപ്പിക്കാനായിരുന്നു യുഡിഎഫ് തീരുമാനിച്ചിരുന്നത്.

മുനമ്പം ഭൂസമര സമിതിയെ തങ്ങൾക്കൊപ്പം നിർത്താനുള്ള നീക്കങ്ങൾ യുഡിഎഫ് നടത്തിയിരുന്നു. മുനമ്പം ഭൂസമര സമിതിയുടെ കൺവീനറെ സ്ഥാനാർത്ഥിയാക്കി സമര സമിതിയെ കൂടെ നിർത്താനായിരുന്നു യുഡിഎഫ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ധാരണയായിരുന്നു. എന്നാൽ സമര സമിതി രാഷ്ട്രീയ നിലപാട് എടുത്തിട്ടില്ലെന്നും ചർച്ചകൾ നടക്കുന്നുണ്ടെന്നുമായിരുന്നു സമര സമിതി രക്ഷാധികാരി ഫാദർ ആൻറണി സേവ്യർ പറഞ്ഞത്. മുനമ്പം വിഷയത്തിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാനുളള ബിജെപി ശ്രമങ്ങൾക്കിടെയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻറെ നേതൃത്വത്തിൽ സമര സമിതിയെ തങ്ങൾക്കൊപ്പം നിർത്താനുള്ള ശ്രമങ്ങൾ നടത്തിയത്.