വന്ദേഭാരത് ഉദ്ഘാടനത്തിനിടെ വിവാദം; വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിച്ചു


        
എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ ചില വിദ്യാർഥികളെക്കൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘിന്റെ ‘ഗണഗീതം’ ആലപിപ്പിച്ചത് വിവാദമായി. ഈ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ തങ്ങളുടെ ഔദ്യോഗിക സാമൂഹ്യമാധ്യമ അക്കൗണ്ടുകളിൽ “ദേശഭക്തിഗാനം” എന്ന കുറിപ്പോടെ പങ്കുവെച്ചതോടെയാണ് വിമർശനങ്ങൾ ഉയർന്നത്.

സർക്കാർ പരിപാടികൾ ആർഎസ്എസ്സുമായി ബന്ധിപ്പിക്കുന്നതായുള്ള വിമർശനങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു സംഭവം വന്ദേഭാരത് ഉദ്ഘാടന വേളയിൽ നടന്നത്. ഉദ്ഘാടന യാത്രയിൽ പങ്കെടുത്ത കുട്ടികളാണ് ഗീതം ആലപിച്ചതെന്നാണ് വിവരം. ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്.

വാരാണസിയിൽ നിന്നുള്ള വീഡിയോ കോൺഫറൻസിങ് വഴിയാണ് രാജ്യത്തെ നാല് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം നടന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനായിരുന്നു എറണാകുളം-ബെംഗളൂരു സർവീസിന്റെ കേരളത്തിലെ ഉദ്ഘാടന വേദി. ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രി പി.രാജീവ്, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
Previous Post Next Post