സുനിലിന്റെ കരവിരുതിൽ ഭദ്രകാളി ഒരുങ്ങുന്നു


മാവേലിക്കര: ചിത്രകാരനും അദ്ധ്യാപകനും, ദേവ ശിൽപ്പിയുമായ സുനിൽ തഴക്കരയുടെ കരവിരുതിൽ ഏറെ വ്യത്യസ്തവും, ആചാര വിധിപ്രകാരവുമുള്ള ഭദ്രകാളി തിരുമുടിയുടെ നിർമ്മാണം അവസാന ഘട്ടത്തിലെത്തി. പെരുമ്പാവൂർ കളരിഗുരുകുലത്തിലേക്കാണ് വ്യത്യസ്തമാർന്ന ഭദ്രകാളി തിരുമുടി നിർമ്മിക്കുന്നത്.

തടിയുടെ നിർമ്മാണം പൂർത്തീകരിച്ച് അവസാനഘട്ടമായ നിറച്ചാർത്തിലേക്ക് എത്തി.

ആദ്യം ലക്ഷണമൊത്ത വരിക്കപ്ലാവ് കണ്ടെത്തി, വൃക്ഷ പൂജ നടത്തി, ഭൂമിയിൽ സ്പർശിക്കാതെ വെട്ടിയെടുത്ത് ആചാര വിധികൾ അനുസരിച്ചാണ് ഭദ്രകാളി തിരുമുടിയുടെ നിർമ്മാണം ആരംഭിച്ചത്. സാധാരണ ഭദ്രകാളി തിരുമുടിയിൽ നിന്ന് വ്യത്യസ്തമായി വലിയ കണക്കിലാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. കൊത്തുപണികളും, ചിത്രപ്പണികളും വലിയ ആഴത്തിൽ അതിസൂഷ്മമായിട്ടാണ് നിർവ്വഹിച്ചിരിക്കുന്നത്. കൊത്തുപണികളും, സർപ്പങ്ങളുടെ എണ്ണവും കൂടുതലാണ്. പ്രഭാവലയത്തോട് കൂടിയ വ്യാളിയും, വലിയ ചന്ദ്രക്കലയും, അഷ്ടനാഗങ്ങളും, കാതിൽ തോടയായി സിംഹ വ്യാളിയും, മദഗജവും, പവിത്രക്കെട്ടോട് കൂടിയ നാഗങ്ങളും, അതിരൗദ്രഭാവത്തോടെയുള്ള ഉഗ്രസ്വരൂപിണിയായ മഹാകാളിയും ഏറെ സൂക്ഷ്മതയോടെ കൊത്തുപണികളാലും ചിത്രപ്പണികളാലും മനോഹരമായി ഇഴചേർത്തിരിക്കുന്നു.

കിരീടത്തിൽ ചിത്രപ്പണികൾക്ക് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. എട്ടു മാസം കൊണ്ടാണ് ഭദ്രകാളി തിരുമുടി പൂർത്തീകരണത്തിലേക്ക് എത്തിയത്. നിരവധിയായ തിരുമുടികൾ ക്ഷേത്രങ്ങളിലേക്ക് നിർമ്മിച്ച് നൽകിയ സുനിൽ തഴക്കര ഇത് ഏറെ വ്യത്യസ്തമായ തിരുമുടിയാണെന്ന് സാഷ്യപ്പെടുത്തുന്നു. പഞ്ചവർണ്ണത്തിൽ വിധി പ്രകാരം നിറച്ചാർത്ത് നൽകുന്നതോടെ ഭദ്രകാളി തിരുമുടി പെരുമ്പാവൂരേക്ക് കൊണ്ടും പോകും.

ചെട്ടികുളങ്ങര ഭഗവതിയുടെ തിരുമുടി, പട്ടാഴി ഭഗവതിയുടെ തിരുമുടി, പഴയാറ്റിൽ ഭഗവതി തിരുമുടി എന്നിവയടക്കം കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ഭദ്രകാളി തിരുമുടികൾക്ക് നിറച്ചാർത്ത് നൽകി സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാന ഫോക് ലോർ അക്കാദമി അവാർഡ്, മലബാർ ദേവസ്വം ബോർഡിന്റെ സംസ്ഥാന ദാരുശിൽപ്പ പുരസ്ക്കാരം, ഭാരത് സേവക് സമാജ് ദേശീയ പുരസ്ക്കാരം, വെട്ടിയാർ പള്ളിയറക്കാവിലമ്മ പുരസ്ക്കാരം, കൊട്ടാരക്കര ഗണപതി ക്ഷേത്ര സംസ്ഥാന പെരുന്തച്ചൻ പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്ക്കാരങ്ങൾ സുനിൽ തഴക്കരക്ക് ലഭിച്ചിട്ടുണ്ട്.

أحدث أقدم