
ഛത്തിസ്ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ. 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. മൂന്ന് സൈനികർക്ക് വീരമൃത്യു. രണ്ട് സൈനികർക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ വെസ്റ്റ് ബസ്തർ ഡിവിഷനിൽ ബിജാപൂർ-ദന്തേവാഡ അന്തർ ജില്ലാ അതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ദന്തേവാഡ-ബിജാപൂർ ഡിആർജി, സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, സിആർപിഎഫ്, കോബ്ര കമാൻഡോകൾ എന്നിവരുടെ സംയുക്ത സംഘം രാവിലെ 9 മണിയോടെ ഇടതൂർന്ന വനമേഖലയിൽ തിരച്ചിൽ ആരംഭിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഓപ്പറേഷൻ നിർണായക ഘട്ടത്തിലാണെന്നും മാവോയിസ്റ്റുകൾക്കെതിരെ ആക്രമണം നടന്നുവരികയാണെന്നും ബിജാപൂർ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് പറഞ്ഞു.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് എസ്എൽആർ റൈഫിളുകൾ, 303 റൈഫിളുകൾ, മറ്റ് ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവ സൈന്യം പിടിച്ചെടുത്തു. കൊല്ലപ്പെട്ടവരെ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഹെഡ് കോൺസ്റ്റബിൾ മോനു വഡാഡി, കോൺസ്റ്റബിൾമാരായ ഡുകാരു ഗോണ്ടെ, രമേശ് സോഡി എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.