മലയാറ്റൂരിൽ 19കാരി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവം; പൊലീസിൻറെ പല വാദങ്ങളും തെറ്റ്, സിസിടിവി ദൃശ്യങ്ങളിലുളളത് ചിത്രപ്രിയയല്ലെന്ന് കുടുംബം


മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ചിത്രപ്രിയ (19) യുടെ കൊലപാതകത്തിൽ പൊലീസിനെതിരെ കുടുംബം. പൊലീസ് പല കാര്യങ്ങളും കെട്ടിച്ചമച്ചെന്നും, പൊലീസ് പ്രചരിപ്പിച്ച സിസിടിവി ദൃശ്യങ്ങളിലുളളത് ചിത്രപ്രിയയല്ലെന്നുമാണ് പെൺകുട്ടിയുടെ ബന്ധുവായ ശരത് ലാൽ പറയുന്നത്. പല കാര്യങ്ങളിലും അവ്യക്തത ഉണ്ട്, ചിത്രപ്രിയ കാണാതാവുമ്പോഴുണ്ടായിരുന്ന വേഷമല്ല സിസിടിവിയിൽ കാണിക്കുന്നതെന്നും ബന്ധു പറയുന്നു.

പൊലീസിൻറെ പല വാദങ്ങളും തെറ്റാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ല. പൊലീസ് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്നും കുടുംബത്തിൻറെ ആരോപണം. കേസിൽ ആൺസുഹൃത്ത് അലൻ കുറ്റം സമ്മതിച്ചിരുന്നു. കൂട്ടുകാരന് പെൺസുഹൃത്തിൽ തോന്നിയ സംശയം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. കൊലപാതകം മദ്യലഹരിയിൽ ആയിരുന്നെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ബംഗളൂരുവിൽ ഏവിയേഷൻ ഡിഗ്രി പഠിക്കുകയായിരുന്ന ചിത്രപ്രിയ കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് വേണ്ടിയാണ് നാട്ടിലെത്തിയത്. ശനിയാഴ്ച വൈകിട്ട് മുണ്ടങ്ങാമറ്റത്തു നടന്ന ദേശവിളക്കിൽ താലം എടുക്കുന്നതിനു പൂക്കളും താലവും സെറ്റ് മുണ്ടും ചിത്രപ്രിയ വീട്ടിൽ തയാറാക്കി വച്ചിരുന്നു. എന്നാൽ യുവതി പരിപാടിയിൽ പങ്കെടുത്തില്ല. പകരം ഇതേ സമയം വീട്ടിൽ നിന്നിറങ്ങി കുറച്ചു ദൂരം നടന്ന് അലന്റെ ബൈക്കിൽ കയറി പോകുകയായിരുന്നു. ഈ യാത്രയാണ് ചിത്രപ്രിയയുടെ ദാരുണ മരണത്തിൽ കലാശിച്ചത്.

യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിലാണ് പൊലീസിന്റെ അന്വേഷണം ആരംഭിച്ചത്. അലന്റെ ബൈക്കിൽ യുവതി കയറിപ്പോകുന്നത് കണ്ടുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അലനെ ചോദ്യം ചെയ്തുവെങ്കിലും ചിത്രപ്രിയയെ വൈകിട്ട് ആറുമണിക്ക് കാട‌പ്പാറയിൽ ഇറക്കി വിട്ടുവെന്നാണ് പറഞ്ഞത്. തു‌ടർന്ന് അലനെ വിട്ടയച്ചു. എന്നാൽ സിസിടിവി ദൃശ്യം ലഭിച്ചപ്പോൾ ശനിയാഴ്ച രാത്രി രണ്ടു മണിയോടെ അലനും യുവതിയും മലയാറ്റൂർ പള്ളിയുടെ മുന്നിൽ വരുന്നതും പെൺകുട്ടി അവിടെ ഇറങ്ങി നടക്കുന്നതും മറ്റൊരു ബൈക്കിൽ വന്ന രണ്ടു പേർ ഇവരോടു സംസാരിക്കുന്നതുമായ ദൃശ്യം ലഭിച്ചു.

തുടർന്ന് അലനെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം വ്യക്തമായത്. കൊലപാതകത്തിൽ വേറെയാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ചിലരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ. പൊലീസ് നടത്തിയ വ്യാപകമായ തിരച്ചിലിനിടെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ചുതുടങ്ങിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

أحدث أقدم