ഇതില്‍ ദിലീപിനെ കുടുക്കിയ മൊഴികളില്‍ പ്രധാനം മുൻ ഭാര്യയും അഭിനേത്രിയുമായ മഞ്ജു വാര്യർ, സംവിധായകൻ ബാലചന്ദ്രകുമാർ, മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ, തൃശൂർ ടെന്നീസ് ക്ലബ് അക്കാദമിയിലെ വാസുദേവൻ എന്നിവരുടെ മൊഴികളാണ് നിർണായകമായത്.
കേസില്‍ മഞ്ജുവാര്യരുടെ മൊഴിയും നിർണായകമായിട്ടുണ്ട്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് കനത്ത വൈരാഗ്യമുണ്ടായിരുന്നു എന്നാണ് മഞ്ജു മൊഴി നല്‍കിയത്. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം തന്നോട് പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് സംശയിച്ചു.ദിലീപ്-കാവ്യ ബന്ധം കണ്ടെത്തിയത് മൊബൈല്‍ ഫോണില്‍ നിന്നാണെന്നും ദിലീപിന്റെ സംസാരത്തില്‍ ഇക്കാര്യം മനസ്സിലായെന്നും മഞ്ജു മൊഴി നല്‍കിയിരുന്നു. സിനിമയില്‍ നിന്നും മനപ്പൂർവ്വം ഒഴിവാക്കിയതായും ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിരുന്നുവെന്ന് മഞ്ജു മാര്യർ മൊഴി നല്‍കി. ഇവയെല്ലാം കേസില്‍ നിർണായകമായി.ദിലീപ് – പള്‍സർ സുനി ബന്ധത്തെപ്പറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ, സംവിധായകൻ ബാലചന്ദ്രകുമാർ, തൃശ്ശൂരിലെ ടെന്നീസ് ക്ലബ് അക്കാദമിയിലെ വാസുദേവൻ എന്നിവർ നിർണായക മൊഴികളാണ് നല്‍കിയത്. 2017 ജനുവരി ആദ്യം ദിലീപിന്റെ വീടിന് പരിസരത്ത് പള്‍സർ സുനിയെ കണ്ടെന്നായിരുന്നു രഞ്ജു രഞ്ജിമാരുടെ മൊഴി. ദിലീപിന്റെ വീട്ടില്‍ നിന്നും സുനി ഇറങ്ങിവരുന്നതാണ് രഞ്ജു രഞ്ജിമാർ കണ്ടത്. ആലപ്പുഴയിലെ സിനിമ ലൊക്കേഷനിലും പള്‍സർ സുനിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. കടവന്ത്രയിലെ ബ്യൂട്ടിപാർലറില്‍ കാവ്യ മാധവന്റെ കൂടെ പള്‍സർ സുനിയെ കണ്ടതായും രഞ്ജു രഞ്ജിമാരുടെ മൊഴിയുണ്ട്. തൃശ്ശൂരില്‍ മനസമ്മതത്തിന് കാവ്യാമാധവന്റെ ഒപ്പം പോയതും പള്‍സർ സുനിയാണ്.
2016 ഡിസംബറില്‍ ദിലീപിന്റ ആലുവയിലെ വസതിയായ പത്മസരോവരത്തില്‍ പള്‍സർ സുനിയെ താൻ കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ പ്രധാന വെളിപ്പെടുത്തല്‍. അവിടെ നിന്നും സുനി പണവുമായാണ് മടങ്ങിയതെന്നും റിപ്പോർട്ടറിലൂടെ നടത്തിയ വെളിപ്പെടുത്തലില്‍ ബാലചന്ദ്രകുമാർ വ്യക്തമാക്കിയിരുന്നു. ഈ വെളിപ്പെടുത്തലുകള്‍ സാധൂകരിക്കുന്ന തെളിവുകളും ബാലചന്ദ്രകുമാർ പൊലീസിന് കൈമാറിയിരുന്നു. കോടതിക്ക് അകത്തും പുറത്തും പള്‍സർ സുനിയെ തനിക്കറിയില്ലെന്നായിരുന്നു എട്ടാം പ്രതി ദിലീപിന്റെ വാദം. വെളിപ്പെടുത്തലും തെളിവുകളും പുറത്തുവന്നതോടെ ദിലീപിന്റെ ഈ വാദങ്ങള്‍ ചീട്ടു കൊട്ടാരം പോലെ പൊളിഞ്ഞു വീഴുന്നതാണ് കേരളം കണ്ടത്.