സുന്നി പെൺകുട്ടികൾ ഖുർആൻ നിർദ്ദേശിച്ചത് പോലെ വീട്ടിലിരിക്കും; സ്ത്രീ പള്ളി പ്രവേശം എന്ന ചർച്ച ഖുർആനിലോ ഹദീസിലോ കർമശാസ്ത്ര ഗ്രന്ഥങ്ങളിലോ ഇല്ല...




മലപ്പുറം : സുന്നി പെൺകുട്ടികൾ ഖുർആൻ നിർദ്ദേശിച്ചത് പോലെ വീട്ടിലിരിക്കുമെന്ന് ഇ കെ വിഭാഗം സമസ്ത നേതാവും എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്. 

അന്യപുരുഷന്മാർക്കിടയിൽ പൊതു പ്രവർത്തനം നടത്താനും പാട്ടും ഡാൻസും ഫുട്‌ബോളും കലാപരിപാടികളും നടത്താനും സുന്നി പെൺകുട്ടികളെ കിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 

മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് മുനവറലി ശിഹാബ് തങ്ങളുടെ മകൾ ഫാത്തിമ നർഗീസ് നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീ പള്ളി പ്രവേശം എന്ന ചർച്ച ഖുർആനിലോ ഹദീസിലോ കർമശാസ്ത്ര ഗ്രന്ഥങ്ങളിലോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സുന്നി പെൺകുട്ടികൾ ഖുർആൻ നിർദേശിച്ചതുപോലെ വീട്ടിലിരിക്കുമെന്നും മതചിട്ടകൾ അനുസരിച്ച് ആവശ്യത്തിന് പുറത്ത് പോകുമെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. ഫാത്തിമ നർഗീസിന്റെ അഭിമുഖം പൂർണമായും കേട്ടു. പഠിപ്പിച്ച അധ്യാപകരുടെ കുഴപ്പമാണെങ്കിലും ദീനി വിഷയങ്ങൾ കൂടുതൽ പഠിക്കണമെന്നും നിരന്തരം മത നിയമങ്ങളിൽ മാറ്റം വരുത്തുന്ന മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങളും ലിബറലിസ്റ്റുകളും നൽകുന്ന പ്രോത്സാഹനങ്ങൾ കേട്ട് പാരമ്പര്യമാർഗത്തിൽ നിന്ന് പിന്മാറരുതെന്നുമാണ് പുതു തലമുറയിലെ ആൺകുട്ടികളോടും പെൺകുട്ടികളോടും പറയാനുള്ളതെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.



Previous Post Next Post