വിവാഹം കഴിഞ്ഞ് മണിയറയിൽ കയറി; 20 മിനിറ്റിന് പിന്നാലെ വിവാഹമോചനം വേണമെന്ന് വാശി


വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയ നവവധു പിന്നാലെ വിവാഹം ഉപേക്ഷിച്ചു. ഭർതൃ വീട്ടുകാരും നാട്ടുകാരും എന്തിന് സ്വന്തം വീട്ടുകാരും നാട്ടുക്കൂട്ടവും ആവശ്യപ്പെട്ടിട്ട് പോലും യുവതി തൻറെ തീരുമാനത്തിൽ നിന്നും പിന്മാറിയില്ല. ഒടുവിൽ ഇരുവരുടെയും മണിക്കൂറുകൾക്ക് മുമ്പ് മാത്രം നടന്ന വിവാഹം അസാധുവായതായി പഞ്ചായത്ത് പ്രഖ്യാപിച്ചു. അപ്പോഴും വധു എന്തിനാണ് വിവാഹ ബന്ധം വേർപെടുത്തിയതെന്നതിന് മാത്രം ആരുടെയും കൈയിൽ ഉത്തരമില്ലായിരുന്നു.

ഉത്തർപ്രദേശിലെ ദിയോറിയയിൽ മാസങ്ങളുടെ ആലോചനകൾക്കും കൂടിക്കാഴ്ചകൾക്കും ശേഷമാണ് ഭാലുവാനിയിൽ ഒരു ജനറൽ സ്റ്റോർ നടത്തുന്ന വിശാൽ മധേസിയ സേലംപൂരിലെ പൂജയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. നവംബർ 25-നായിരുന്നു ഇരുവരുടെയും വിവാഹം. അന്ന് വൈകീട്ട് ഏഴ് മണിയോടെ വരനും സംഘവും അടങ്ങിയ വിവാഹ ഘോഷയാത്ര വധുവിൻറെ വീട്ടിലെത്തി. അന്ന് രാത്രി വധൂ ഗൃഹത്തിൽ വച്ച് ഇരുവരുടെയും വിവാഹം നടത്തി. പിന്നാലെ വരൻറെ കുടുംബത്തോടൊപ്പം വധു തൻറെ പുതിയ വീട്ടിലേക്ക് മടങ്ങി. വരൻറെ വീട്ടിലെത്തിയ വധു, മണിയറയിലേക്ക് കയറി 20 മിനിറ്റിന് ശേഷം ഇറങ്ങിവന്നു. പിന്നാലെ വിവാഹത്തിൽ നിന്നും പിന്മാറുന്നതായി അറിയിച്ചു. ‘എൻറെ മാതാപിതാക്കളെ വിളിക്കൂ. ഞാൻ ഇവിടെ താമസിക്കില്ല.’ എന്നായിരുന്നു വധു ആവർത്തിച്ച് കൊണ്ടിരുന്നത്.
വരൻറെ കുടുംബവും പ്രദേശവാസികളും ആവ‍ർത്തിച്ച് ആവശ്യപ്പെട്ടിട്ടും കാരണമെന്താണെന്ന് മാത്രം യുവതി പറഞ്ഞില്ല. വിവാഹ നിശ്ചയത്തിന് ശേഷം തങ്ങൾ പല തവണ സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ ഒരിക്കൽ പോലും വിവാഹത്തിന് എതിരാണെന്ന് അവൾ പറഞ്ഞിരുന്നില്ലെന്നും വരൻ പറയുന്നു. യുവതിയുടെ നിർബന്ധം കാരണം വരൻറെ വീട്ടുകാർ യുവതിയുടെ വീട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞു. പിന്നാലെ വധുവിൻറെ കുടംബമെത്തി. അവരും യുവതിയോട് കാരണം അന്വേഷിച്ചെങ്കിലും അത് മാത്രം പറയാൻ യുവതി തയ്യാറായില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.

أحدث أقدم